പ്രവാസി സേവനങ്ങള്‍ക്ക് മൊബൈല്‍ ആപ്പുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്

Update: 2021-04-14 15:32 GMT

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് മൊബൈല്‍ ആപ്പ് പുറത്തിറക്കി. ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ കൊവിഡ് പ്രോട്ടോകോളോടെ നടന്ന ലളിതമായ ചടങ്ങില്‍ നിര്‍വഹിച്ചു.'ഡിജിറ്റല്‍ ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീക്ഷണത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് സി.ജി.ഐ ജിദ്ദ (CGI Jeddah) എന്ന പേരില്‍ കോണ്‍സുലേറ്റ് ആപ്പ് രൂപകല്‍പന ചെയ്തിട്ടുള്ളത്.

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള വിശാലമായ ഇന്ത്യന്‍ സമൂഹത്തിനു കോണ്‍സുലേറ്റിന്റെ സേവനം പ്രാപ്തമാക്കുന്നതില്‍ ഈ ആപ്പ് വലിയ പങ്കുവഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആപ്പിന് ആശംസ നേര്‍ന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് 19 മഹാമാരിയുടെ സമയത്ത് ഈ ആപ്പ് ഏറെ പ്രയോജനകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


 പാസ്‌പോര്‍ട്ട്, വിസ, കമ്യൂണിറ്റി വെല്‍ഫെയര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങളും ലിങ്കുകളും ഉള്‍പ്പെടെ നിരവധി സവിശേഷതകളോടെയാണ് ഈ അപ്ലിക്കേഷന്‍ തയാറാക്കിയിട്ടുള്ളത്. ഗൂഗിള്‍ മാപ്പുമായി ലിങ്കുചെയ്തിരിക്കുന്ന പ്രത്യേക നാവിഗേഷന്‍ ഇതിന്റെ പ്രത്യേകതയാണ്. ഇതുപയോഗിച്ചു ജിദ്ദയിലെ കോണ്‍സുലേറ്റിലേക്കും തബൂക്ക്, മക്ക, അബഹ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലേക്കും ഉപയോക്താവിന് നിഷ്പ്രയാസം എത്തിച്ചേരാനാവും.

കൂടാതെ, അത്യാവശ്യഘട്ടങ്ങളില്‍ അടിയന്തര സേവനം നല്‍കുന്നതിന് 24 മണിക്കൂറും ഉപയോക്താവിനെ കോണ്‍സുലേറ്റുമായി ബന്ധിപ്പിക്കുന്ന എമര്‍ജന്‍സി ഡയല്‍ എന്ന ഓപ്ഷനും ഈ ആപ്പിലുണ്ട്. പാസ്‌പോര്‍ട്ട്, വിസ, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും, തൊഴിലാളികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, തൊഴില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, രാജ്യത്തിന്റെ തൊഴില്‍ നിയമങ്ങള്‍, ഇന്ത്യന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്.

www.cgijeddah.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും http://cgijeddah.com/cgijeddah.apk എന്ന ലിങ്കില്‍നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യാനാവും. ഒരാഴ്ചക്കകം പ്ലേ സ്‌റ്റോറിലും iOS ലും ആപ്പ് ലഭ്യമാവും. ജിദ്ദ കോണ്‍സുലേറ്റിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ആപ്പ് സജ്ജമാക്കിയിട്ടുള്ളതെന്നും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ആപ്പില്‍ കാലാകാലങ്ങളില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തുമെന്നും കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

പ്രധാനമന്ത്രിയുടെ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍സല്‍ ഹംന മറിയം, മറ്റു കോണ്‍സല്‍മാരായ വൈ സാബിര്‍, മുഹമ്മദ് അലിം, സാഹില്‍ ശര്‍മ, ടി ഹാങ്ഷിങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News