സിംഗപ്പൂരില്‍ പള്ളികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട ഇന്ത്യന്‍ വംശജനെ പിടികൂടി
ക്രിസ്ത്യാനിയായ ഈ കൗമാരക്കാരന്‍ 2019 മാര്‍ച്ച് 15 ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെന്നും ഈ വര്‍ഷം അതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലിസ് പറയുന്നു.
സിംഗപ്പൂര്‍: സിംഗപ്പൂരിലെ രണ്ട് മുസ്‌ലിം പള്ളികള്‍ക്ക് നേരെ ആക്രമണം ആസൂത്രണം ചെയ്തതിന് ഇന്ത്യന്‍ വംശജനായ 16 വയസുകാരനെ സിംഗപ്പൂരിലെ സുരക്ഷാ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പ്രതിയെന്ന് അധികൃതര്‍ പറയുന്നു.
ക്രിസ്ത്യാനിയായ ഈ കൗമാരക്കാരന്‍ 2019 മാര്‍ച്ച് 15 ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെന്നും ഈ വര്‍ഷം അതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും പോലിസ് പറയുന്നു. ആയുധങ്ങള്‍ ഒളിപ്പിച്ചു വെക്കാനുള്ള വെസ്റ്റ് ഓണ്‍ലൈനില്‍ വാങ്ങിയ പ്രതി ഒരു മാച്ചെ (വലിയ കത്തി പോലുള്ള ആയുധം) വാങ്ങാനും ഉദ്ദേശിച്ചിരുന്നു.
ആക്രമണം നടത്താനുള്ള പള്ളികള്‍ പ്രതി തിരഞ്ഞെടുക്കുകയും അവിടേക്കുള്ള യാത്രാമാര്‍ഗവും വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടവും കണ്ടെത്തുകയും ചെയ്തിരുന്നതായി ആഭ്യന്തര സുരക്ഷാ വകുപ്പ് (ഐഎസ്ഡി) പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ഗൂഗ്ള്‍ മാപ്പ് ഉപയോഗപ്പെടുത്തി. അസയ്ഫാ മോസ്‌ക്, യൂസഫ് ഇസ്ഹാക് മോസ്‌ക് എന്നിവയായിരുന്നു ആക്രമിയുടെ ലക്ഷ്യങ്ങള്‍. ഇസ്‌ലാമിനോടുള്ള കടുത്ത വിരോധവും അക്രമത്തോടുള്ള താല്‍പര്യവുമാണ് ക്രിസ്ത്യന്‍ ബാലനെ പള്ളി ആക്രമണം ആസൂത്രണ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഐഎസ്ഡി പറഞ്ഞു.