ആവേശം നിറച്ച് നാവികസേനയുടെ വെയ്‌ലര്‍ പുള്ളിംഗും ഓഫ്‌ഷോര്‍ സൈക്ലിംഗ് പര്യവേഷണവും
തൃശൂര്‍: കാണികള്‍ക്ക് ആവേശമായി മുസിരിസ് കായലോരത്ത് എത്തിയ ഇന്ത്യന്‍ നാവികസേനയുടെ വഞ്ചി തുഴയലും സൈക്ലിംഗ് പര്യവേഷണവും സമാപിച്ചു. ഇന്ത്യന്‍ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേര്‍ന്ന് നടത്തിയ വെയ്‌ലര്‍ പുള്ളിംഗും ഓഫ്‌ഷോര്‍ സൈക്ലിംഗ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്. കൊച്ചി നേവല്‍ ബേസില്‍ നിന്നാരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് അവസാനിച്ച പര്യവേഷണങ്ങള്‍ ഇന്ത്യന്‍ നാവികസേനയിലെ ആദ്യ പരിശീലന സ്‌ക്വാഡ്രണാണ് നയിച്ചത്.
115 പേരടങ്ങുന്ന സംഘമാണ് തുഴച്ചില്‍, സൈക്ലിംഗ് എന്നിവയില്‍ പങ്കെടുത്തത്. കൊച്ചി നാവിക ആസ്ഥാനത്ത് നിന്നും മുസിരിസിലേക്കുള്ള 20 നോട്ടിക്കല്‍ മൈല്‍ ദൂരമാണ് തുഴച്ചില്‍ സംഘം നാല് വെയ്‌ലര്‍ ബോട്ടുകളിലായി പിന്നിട്ടത്. കൊച്ചി നേവല്‍ബേസ് മുതല്‍ വീരംപുഴ വരെയും വീരംപുഴ മുതല്‍ മുസിരിസ് കോട്ടപ്പുറം കായലോരം വരെ 40 പേരാണ് പുള്ളിംഗില്‍ പങ്കെടുത്തത്. 75 പേരടങ്ങുന്ന സംഘം 75 കി.മീ ദൂരത്തില്‍ സൈക്ലിംഗിലും പങ്കെടുത്തു. നേരത്തെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായും നാവികസേന മുസിരിസില്‍ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
നാവികസേനയില്‍ വര്‍ഷങ്ങളായി നടക്കുന്ന മത്സരമാണ് ബോട്ട് പുള്ളിങ് റിഗാറ്റ. ഇതില്‍ ഉപയോഗിക്കുന്ന ബോട്ടുകളെ 'വെയ്‌ലേഴ്‌സ്' എന്നാണ് വിശേഷിപ്പിക്കുന്നത്. പണ്ട് കടലില്‍ തിമിംഗിലങ്ങളെ പിടിച്ചിരുന്നത് ഈ ബോട്ടുകളിലാണ്. ഇതില്‍നിന്നാണ് ബോട്ടിന് 'വെയ്‌ലേഴ്‌സ്' എന്ന പേരു വന്നത്.
കോട്ടപ്പുറം ആംഫി തീയറ്ററില്‍ നടന്ന പരിപാടി അഡ്വ.വി ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 'തിര്‍' കപ്പലിന്റെ കമാന്റിംഗ് ഓഫീസറും നാവികസേന ആദ്യ പരിശീലന സ്‌ക്വാഡ്രണ്‍ സീനിയര്‍ ഓഫീസറുമായ ക്യാപ്റ്റന്‍ അഫ്താബ് അഹമ്മദ് മുഖ്യാതിഥിയായി. ചടങ്ങില്‍ എറിയാട് മലബാര്‍ മര്‍ഹബ ടീം കലാകാരന്മാര്‍ അവതരിപ്പിച്ച സൂഫി, അറബിക് ഡാന്‍സുകളും അരങ്ങേറി.
കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജോണി വി എം, ടി എസ് സജീവന്‍, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ശേഷം നേവല്‍ സംഘം മുസിരിസ് പൈതൃക പദ്ധതി പ്രദേശമായ കോട്ടപ്പുറം കോട്ടയിലേയ്ക്ക് സന്ദര്‍ശനവും നടത്തി.