ഇന്ത്യന്‍ പ്രതിരോധത്തിന് ഇനി വിക്രാന്തിന്റെ കരുത്ത്

കൊച്ചി കപ്പല്‍ ശാലയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് നിര്‍വ്വഹിച്ചു.സമുദ്രമേഖലയിലെ വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരമാണ് വിക്രാന്ത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി ചടങ്ങില്‍ അനാവരണം ചെയ്തു

Update: 2022-09-02 05:33 GMT

കൊച്ചി: ഇന്ത്യന്‍ പ്രതിരോധ സേനയക്ക് കൂടുതല്‍ കരുത്തു പകരുന്നതിനായി രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഇനി നാവികസേനയുടെ ഭാഗം.കൊച്ചി കപ്പല്‍ ശാലയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് നിര്‍വ്വഹിച്ചു.ഐഎന്‍ എസ് വിക്രാന്ത് രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ശക്തമായ രാജ്യത്തിന്റെ ശക്തമായ പ്രതീകമാണ് വിക്രാന്ത്.രാജ്യം പുത്തന്‍ സൂര്യോദയത്തിനാണ് സാക്ഷിയാകുന്നത്.രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് വിക്രാന്ത് എന്നും പ്രധാന മന്ത്രി പറഞ്ഞു.

വിശിഷ്ടം, വിശാലം, വിശ്വാസം അതാണ് വിക്രാന്ത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.സമുദ്രമേഖലയിലെ വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ ഉത്തരമാണ് വിക്രാന്ത്.ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്തിന്റെ നിര്‍മ്മാണത്തിലൂടെ തെളിയിക്കപ്പെട്ടു.വിക്രാന്തിലൂടെ രാജ്യം ലോകത്തിന്റെ മുന്‍ നിരയിലെത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയാണ് വിക്രാന്ത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.വിക്രാന്തിലൂടെ ഇന്ത്യയുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും വര്‍ധിച്ചു.ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ പ്രധാനമാണ്.ശക്തമായ ഇന്ത്യ ലോകത്തിന് മാര്‍ഗ്ഗ ദര്‍ശിയാണ്.പുണ്യഭൂമിയായ കേരളത്തില്‍ നിന്നുള്ള രാജ്യത്തിനുള്ള നേട്ടമാണ് ഐഎന്‍എസ് വിക്രാന്ത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിക്രാന്ത്രിന്റെ വരവോട് നാവിക സേനയുടെ കരുത്ത് വര്‍ധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.നാവിക സേനയുടെ പുതിയ പതാകയും പ്രധാനമന്ത്രി ചടങ്ങില്‍ അനാവരണം ചെയ്തു.ഐഎന്‍എസ് വിക്രാന്ത്ര രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,നാവിക സേന മേധാവി ആര്‍ ഹരികുമാര്‍ അടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവനല്‍ ഡിസൈന്‍ വിഭാഗം രൂപക കല്‍പ്പന ചെയ്ത വിക്രാന്തിന്റെ നിര്‍മ്മാണം കൊച്ചി കപ്പല്‍ ശാലയാണ് നിര്‍വഹിച്ചത്. 262 മീറ്റര്‍ നീളവും 45,000 ടണ്‍ ഭാരവുമുള്ള വിക്രാന്തിന് ഊര്‍ജ്ജം പകരുന്നത് 88 മെഗാശേഷിയുള്ള നാല് ഗ്യാസ് ടര്‍ബനുകളാണ്.മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാന്‍ കഴിയും.2009 ഫെബ്രുവരിയില്‍ കപ്പലിന്റെ കീലിട്ടു.20,000 കോടി രൂപ ചിലവഴിച്ച് മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു വിക്രാന്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ (ALH), ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റുകള്‍ (LCA) കൂടാതെ മിഗ്29കെ ഫൈറ്റര്‍ ജെറ്റുകള്‍, Kamov-31, MH-60R മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന 30 യുദ്ധവിമാനങ്ങള്‍ അടങ്ങുന്ന എയര്‍ വിംഗ് പ്രവര്‍ത്തിപ്പിക്കാന്‍ കപ്പലിന് കഴിയും. 2021 ഓഗസ്റ്റിനും 2022 ജൂലൈയ്ക്കും ഇടയില്‍ കടലില്‍ നടത്തിയ ട്രയല്‍ റണ്ണിനു ശേഷമാണ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറിയത്.

Tags:    

Similar News