ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക; അനാച്ഛാദനം കൊച്ചിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക ലഭിക്കുന്നു. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയാണ് പതാക അനാച്ഛാദനം ചെയ്യുക. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന വേളയിലാണ് പതാകയും അനാച്ഛാദനം ചെയ്യുക.
പുതിയ പതാക കൊളോണിയല്‍ ഭൂതകാലത്തെ ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമ്പന്നമായ ഇന്ത്യന്‍ സമുദ്ര പൈതൃകത്തിന് യോജിച്ചതാണ് ഇതെന്നും സൂചിപ്പിച്ചിട്ടുണ്ട്.
നാവികസേനയുടെ നിലവിലെ പതാക, തിരശ്ചീനമായും ലംബമായും ചുവന്ന വരകളുള്ള ഒരു വെളുത്ത പതാകയാണ്, ഇത് സെന്റ് ജോര്‍ജ്ജ് കുരിശിന്റെ പ്രതീകമാണ്. ഇവ തമ്മില്‍ ചേരുന്ന സ്ഥലത്ത് ഇന്ത്യയുടെ ചിഹ്നം സ്ഥാപിച്ചിരിക്കുന്നു. മുകളിലെ മൂലയില്‍ പതാക നിര്‍ത്തിയിരിക്കുന്ന സ്റ്റാഫിനോട് ചേര്‍ന്നാണ് ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചിരിക്കുന്നത്.
1950ന് ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാക മാറ്റുന്നത്.