ഇന്ത്യന്‍ സ്‌കൂളുകള്‍ ഉടന്‍ തുറന്നേക്കും; അധികൃതരുടെ അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രാലയം

Update: 2021-09-05 10:27 GMT

മസ്‌കറ്റ്: ഒന്നര വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷം ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീണ്ടും ക്ലാസുകളിലേക്കെത്താനുള്ള സാധ്യത തെളിയുന്നു. ഈ മാസം അവസാനത്തോടെ സ്‌കൂളുകള്‍ തുറക്കാനാവുമെന്നാണ് കരുതുന്നത്. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ അഭിപ്രായം തേടി.

സീനിയര്‍ തലത്തിലായിരിക്കും ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിക്കുക. ഒന്നാം ഘട്ടത്തില്‍ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളാണ് പുനരാരംഭിക്കുക, മറ്റ് ക്ലാസുകള്‍ പിന്നീടായിരിക്കും തുറക്കുക. വാക്‌സിന്‍ എടുത്ത കുട്ടികളെ മാത്രമായിരിക്കും സ്‌കൂളില്‍ പ്രവേശിപ്പിക്കുക. ഇതിന്റ ഭാഗമായി നാട്ടിലുള്ള അധ്യാപകരെ ചില സ്‌കൂളുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അധ്യാപകര്‍ തിരിച്ചെത്താനും തുടങ്ങിയിട്ടുണ്ട്. 

ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി ഒമാന്‍ അധികൃതര്‍ കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഓണ്‍ലൈനും ഓഫ്‌ലൈനും ആയി ക്ലാസുകള്‍ നടത്താനുള്ള സൗകര്യം, കുട്ടികളുടെ വാക്‌സിനേഷന്‍, സാമൂഹിക അകലം പാലിക്കല്‍, കുട്ടികളുടെ ശരീര ഊഷ്മാവ് പരിശോധിക്കല്‍, രോഗ ലക്ഷണങ്ങളുള്ളവരെ സ്‌കൂളില്‍ വരാന്‍ അനുവദിക്കാതിരിക്കല്‍, സ്‌കൂളില്‍ രോഗലക്ഷണങ്ങളുണ്ടാവുന്നവരെ ഐസൊലേഷന്‍ ചെയ്യാന്‍ സൗകര്യം ഒരുക്കല്‍- തുടങ്ങിയ നിരവധി സുപ്രധാന സുരക്ഷാ നിര്‍ദേശങ്ങളാണ് മന്ത്രാലയം സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ നിന്ന് മറുപടി കിട്ടുന്നതനുസരിച്ചാണ് സ്‌കൂളുകള്‍ തുറക്കാന്‍ അധികൃതര്‍ അംഗീകാരം നല്‍കുക. 

Tags:    

Similar News