ഫാഷിസ്റ്റ് ശക്തികളെ അകറ്റി നിര്‍ത്തിയ കേരള ജനതക്ക് അഭിനന്ദനങ്ങളുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-05-03 16:03 GMT

ദമ്മാം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍, വെല്ലുവിളികളും അവകാശ വാദങ്ങളുമായി അതുവരെ തുടര്‍ന്നിരുന്ന ബിജെ പി ഫാഷിസ്റ്റ് വിഭാഗങ്ങളെ നിയമസഭയില്‍ നിന്നകറ്റി നിര്‍ത്താന്‍ തയ്യാറായ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളായ വോട്ടര്‍മ്മാരെയും അഭിനന്ദിക്കുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി രാജ്യം മുഴുവന്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതിനിടെ കേരളത്തിലെ മതേതര സമൂഹം പ്രകടിപ്പിച്ച നിലപാട് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ്.

കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് രാജ്യം ഉഴലുമ്പോഴും രാജ്യത്തോടൊ ജനങ്ങളോടൊ തീരെ പ്രതിബദ്ധതയില്ലാത്ത വിധത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന കേന്ദ്രവും, യുപി പോലുള്ള സംസ്ഥാനങ്ങളും ഇരകളായ ജനങ്ങളെ പ്രതിഷേധത്തിന്റെ പേരില്‍ പ്രതികളാക്കുക കൂടി ചെയ്യുകയാണ്.

ജനങ്ങളുടെ നിത്യജീവിതത്തെപ്പോലും ബാധിക്കുന്ന ഒട്ടനവധി ജീവല്‍ പ്രശ്‌നങ്ങളുണ്ടായിട്ടും തരംതാണതും ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നതുമായ പച്ച വര്‍ഗീയതയാണ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലുടനീളം ബിജെപി പയറ്റിയത്. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് ഏത് തരംതാണ വഴിയിലൂടെയും അധികാര കേന്ദ്രങ്ങളില്‍ ഇടം കണ്ടെത്തുക എന്ന സംഘപരിവാര്‍ ഫാഷിസ്റ്റുകളുടെ മോഹമാണ് കേരള ജനത ചവറ്റു കൊട്ടയിലേക്കെറിഞ്ഞത്.

ബിജെപിയുടെ കുതന്ത്രങ്ങളും സാധ്യതകളും തുടക്കം മുതലെ കൃത്യമായി മനസ്സിലാക്കി നിര്‍ണ്ണായകമായ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്വീകരിച്ച ഉറച്ച നിലപാട് വളരെ ഫലപ്രദവും അഭിനന്ദനീയവുമായിരുന്നു. ഫാഷിസത്തെ എതിര്‍ക്കുന്നതില്‍ ഒരു പരിമിതിയുമില്ലാത്ത എസ്ഡിപിഐയുടെ നിലപാടാണ് നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും, മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെയും വിജയത്തിന് കാരണമായിട്ടുള്ളത്. അവസരവാദവും ബി ജെപി ബാന്ധവവും അഹങ്കാരവുമായി നടന്ന പി സി ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ വലിയ മാര്‍ജ്ജിനില്‍ പരാജയപ്പെടുത്താനും എസ്ഡിപിഐ സ്വീകരിച്ച സമീപനം കാരണമായി.

കേരള നിയമസഭയില്‍ ബിജെപിയുടെ ഉള്ള അക്കൗണ്ട്കൂടി പൂട്ടിക്കെട്ടേണ്ടിവന്ന വമ്പന്‍ പരാജയം അവര്‍ക്കു സമ്മാനിക്കുകയും, നമ്മുടെ സംസ്ഥാനം ഹിന്ദുത്വ വര്‍ഗീയ കാര്‍ഡിന് പറ്റിയ മണ്ണല്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചു കാണിക്കുകയും ചെയ്ത കേരളം, മുഴുവന്‍ ഇന്ത്യക്കും മാതൃകയാണ്. ഇത് കേരളത്തിന് സാധ്യമാക്കിയതിന് പിന്നില്‍ സംസ്ഥാനം ദശകങ്ങളായി കൈവരിച്ച വിദ്യഭ്യാസ, സാംസ്‌കാരിക പുരോഗതിയുടെ പങ്കു എടുത്തു പറയേണ്ടതാണ്. ചിന്തിക്കുന്ന ജനതയും അത് വഴി നല്ല സമൂഹവും രാജ്യവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ഇന്ത്യയും കേരളത്തെ മാതൃകയാക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടെ ഓര്‍മിപ്പിക്കുന്നതാണ് കേരളത്തിന്റെ ശക്തമായ മതേതര മനസ്സ് ഈ തിരെഞ്ഞെടുപ്പില്‍ കാണിച്ചു തന്നിട്ടുള്ളത്.

പരാജയത്തില്‍ നിന്നും പാഠം പഠിക്കേണ്ട കോണ്‍ഗ്രസ്സ് ആദ്യം ചെയ്യേണ്ടത് ഗ്രൂപ്പിസത്തിന്റെ പേരിലുള്ള തൊഴുത്തില്‍ കുത്ത് അവസാനിപ്പിക്കുകയും താല്‍ക്കാലിക ലാഭത്തിനായുള്ള മൃദു ഹിന്ദുത്വ സമീപനങ്ങളില്‍ നിന്ന് പിന്മാറുകയും ചെയ്യുക എന്നതുമാണ്.

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തുടര്‍ഭരണം കേരള ജനത നല്‍കിയ ഉത്തരവാദിത്ത്വമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ സ്ഖലിതങ്ങള്‍ തുടര്‍ ഭരണകാലത്തുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് അബ്ദുന്നാസിര്‍ ഒടുങ്ങാട്ട്,

ജനറല്‍ സെക്രട്ടറി മുബാറക്ക് പോയില്‍തൊടി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News