ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,543 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 29,435 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 21,632 പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. 934 പേര്‍ മരിച്ചു. 6,868 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയോ രാജ്യം വിടുകയോ ചെയ്തു. 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 62.
മഹാരാഷ്ട്രയിലെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇന്നത്തെ കണക്കനുസരിച്ച് അവിടെയാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്, 8,590 പേര്‍. ഏറ്റവും കൂടുതല്‍ മരണനിരക്കുള്ള സംസ്ഥാനവും മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് മാത്രം 369 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 1,282 പേരുടെ രോഗം ഭേദമായി.
ഗുജറാത്തും ഡല്‍ഹിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 3,548 ഉം 3,108 ഉം രോഗികള്‍. ഗുജറാത്തില്‍ 394 പേരുടെ രോഗം ഭേദമായി 162 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 877 പേരുടെ രോഗം ഭേദമായി 54 പേര്‍ മരിച്ചു.
ഗോവ, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.