ഇന്ത്യയിലെ ഒരു ശതമാനം സമ്പന്നരുടെ ആസ്തി 70 ശതമാനം വരുന്ന ദരിദ്രരുടെ ആസ്തിയുടെ നാലിരട്ടിയെന്ന് ഓക്‌സ്ഫാം പഠനം
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തു തന്നെ വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഓക്‌സ്ഫാമിന്റേത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിസമ്പന്നര്‍ വീണ്ടും അതിസമ്പന്നരാവുകയും ദരിദ്രര്‍ വീണ്ടും ദരിദ്രരാവുകയും ചെയ്യുന്ന പ്രക്രിയ ഇപ്പോഴും തുടരുന്നുവെന്ന് പുതിയ പഠനങ്ങള്‍. ഓക്‌സ്ഫാം ആണ് ഇതുസംബന്ധിച്ച പുതിയ പഠനം പുറത്തുവിട്ടത്.
പുതിയ പഠന റിപോര്‍ട്ട് പ്രകാരം ഒരു ശതമാനം വരുന്ന ഇന്ത്യയിലെ ധനികരുടെ മൊത്തം ആസ്തി ഇന്ത്യയിലെ 70 ശതമാനം വരുന്ന ദരിദ്ര ജനതയുടെ മൊത്തം ആസ്തിയുടെ നാല് ഇരട്ടി വരും. 70 ശതമാനം എന്നത് ഇന്ത്യയിലെ 95.3 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നു. അമ്പതാമത് ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തിന്റെ ഭാഗമായാണ് റിപോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയിലെ അതിസമ്പന്നരുടെ മൊത്തം ആസ്തി ഇന്ത്യയുടെ ബജറ്റിന്റെ അത്രയും വരുമെന്നും ഇതേ പഠനം പറയുന്നു. ലോകത്തിലെ 2153 അതിസമ്പന്നരുടെ ആസ്തി ലോകജനസംഖ്യയുടെ 60 ശതമാനം വരുന്ന 460 കോടി ജനങ്ങളുടെ സമ്പത്തിന് തുല്യമാണ്.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തു തന്നെ വര്‍ധിച്ചുവരുന്ന അസമത്വത്തിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഓക്‌സ്ഫാമിന്റേത്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ അതിസമ്പന്നരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
ബഹുജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അസമത്വം ബോധപൂര്‍വമായ നയപരിപാടികളിലൂടെ മാത്രമേ നേരിടാനാവൂ. എന്നാല്‍ ഈ രീതി പിന്തുടരുന്ന ഏതാനും രാജ്യങ്ങള്‍ മാത്രമേ ലോകത്തുള്ളൂ എന്ന് ഓക്‌സ്ഫാം ഇന്ത്യ സിഇഒ അമിതാഭ് ബെഹര്‍ പറയുന്നു.
വരുമാനവും ലിംഗ അസമത്വവുമെന്ന വിഷയം കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഇത്തവണത്തെ ലോക സാമ്പത്തിക ഫോറത്തിലെ ഒരു മുഖ്യ പ്രമേയം.
ആഗോളതലത്തിലെ അസമത്വം കുറഞ്ഞു വരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഗാര്‍ഹിക വരുമാനത്തിലെ അസമത്വം എല്ലാ രാജ്യങ്ങളിലും പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ വര്‍ധിക്കുകയാണ്.
63 ഇന്ത്യന്‍ അതിസമ്പന്നരുടെ മൊത്തം ആസ്തി 2018-19 ലെ കേന്ദ്ര ബജറ്റായ 2442200 കോടിയേക്കാള്‍ അധികമായിരുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിലാണ് സമ്പന്നരുടെയും അതിസമ്പന്നരുടെയും പോക്കറ്റ് നിറയുന്നതെന്നും സിഇഒ ബെഹര്‍ പറയുന്നു.
ആഗോള സര്‍വേ പ്രകാരം, ലോകത്തിലെ ഏറ്റവും സമ്പന്നരായ 22 പുരുഷന്മാര്‍ക്ക് ആഫ്രിക്കയിലെ എല്ലാ സ്ത്രീകളേക്കാളും കൂടുതല്‍ സമ്പത്ത് ഉണ്ട്.
ഒരു ടെക്‌നോളജി കമ്പനിയുടെ സിഇഒ ഒരു വര്‍ഷം കൊണ്ട് നേടുന്ന വരുമാനം ഒരു വീട്ടുവേലക്കാരിക്ക് ലഭിക്കണമെങ്കില്‍ അവര്‍ 22277 വര്‍ഷം ജോലി ചെയ്യേണ്ടിവരുമെന്ന നിരവധി താരതമ്യങ്ങളും റിപോര്‍ട്ടിലുണ്ട്.