മുസ് ലിംകളടക്കമുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ സത്രീകള്‍ക്ക് ആരോഗ്യരംഗത്ത് കടുത്ത വിവേചനം; രോഗികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താതെ പുതിയ ഹെല്‍ത്ത് കെയര്‍ ബില്ല്
ഇന്ത്യയിലെ ആരോഗ്യരംഗം ദുര്‍ബലമാണെന്ന കാര്യം അത്ര രഹസ്യമൊന്നുമല്ല. ഇന്ത്യ ഭരിക്കുന്നവര്‍ എന്തൊക്കെ പറഞ്ഞാലും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമൊന്നുമില്ല. ആരോഗ്യ രംഗത്ത് രണ്ട് വിഭാഗങ്ങളാണ് അടിസ്ഥാനപരമായുള്ളത്. ചികില്‍സ നല്‍കുന്നവരും ചികില്‍സ തേടുന്നവരും. ചികില്‍സ നല്‍കുന്നതില്‍ സര്‍ക്കാരും സ്വകാര്യ ഏജന്‍സികളുമുണ്ട്. ചികില്‍സ നല്‍കുന്നവര്‍ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരാണെന്നതും ശരിയാണ്. ജാതി, മതം, വര്‍ഗം, അധികാരം തുടങ്ങി വിവിധ മേഖലകളില്‍ ശക്തരായവരാണ് ആരോഗ്യ രംഗത്തെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ചികില്‍സ നല്‍കുന്ന ഡോക്ടര്‍മാരും വ്യത്യസ്തരല്ല.
എന്നാല്‍ ചികില്‍സ തേടുന്നവരില്‍ അടിത്തട്ടുകാരും അല്ലാത്തവരുമുണ്ട്. ചികില്‍സ തേടുന്നവര്‍ വലിയവരായാലും ചെറിയവരായാലും അവര്‍ അസംഘടിതരാണ്. എല്ലാ നിയമങ്ങളും ചികില്‍സാസേവനങ്ങള്‍ നല്‍കുന്നവരെ സംരക്ഷിക്കുന്നവയാണ്. രോഗികളുടെ സേവനങ്ങള്‍ ഇതുവരെ സംരക്ഷിക്കപ്പെട്ടിട്ടില്ല. അതിനുള്ള നീക്കവും നടക്കുന്നില്ല. സര്‍ക്കാര്‍ ഒക്ടോബറില്‍ തയ്യാറാക്കിയ ആരോഗ്യബില്ലിലും സ്ഥിതി വ്യത്യസ്തമല്ല.
ഏതാനും മാസം മുമ്പ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട കൊവിഡ് രണ്ടാം തരംഗം ഇന്ത്യന്‍ ആരോഗ്യരംഗത്തിന്റെ ദൗര്‍ബല്യത്തെ പുറത്തുകൊണ്ടുവന്നു. ചികില്‍സ തേടുന്നവര്‍ക്ക് നിയമപരമായി ഒരവകാശവുമില്ലെന്ന വിചിത്രമായ സത്യവും അത് പുറത്തുകൊണ്ടുവന്നു. രോഗികളുടെ അവകാശങ്ങള്‍ നിയമപരമായി പാലിക്കപ്പെടാതെ അവര്‍ ഈ രംഗത്ത് നേരിടുന്ന കൂടിയ ആശുപത്രി ബില്ലും ചികില്‍സാ പ്രോട്ടോകോളിലെ പ്രശ്‌നങ്ങളും പോലുള്ള വിവേചനം ഇല്ലാതാക്കാന്‍ കഴിയില്ല. ചികില്‍സാച്ചെലവുകള്‍ താങ്ങാനാവാതെ പല രോഗികളും ആശുപത്രികളില്‍നിന്ന് ഒളിച്ചോടുകയാണ്.
2018 ആഗസ്തില്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ഇന്ത്യയുടെ ആദ്യത്തെ രോഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ചാര്‍ട്ടര്‍ തയ്യാറാക്കി. മനുഷ്യാവകാശ കമ്മീഷന്റെ ഉപദേശപ്രകാരമായിരുന്നു അത്. 2019 ജൂണില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ഏറെ താമസിയാതെ കേന്ദ്ര സര്‍ക്കാര്‍ ചാര്‍ട്ടര്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല. ആരോഗ്യ സംരക്ഷണം സംസ്ഥാന വിഷയമാണെന്നാണ് കേന്ദ്രം പറയുന്നത്. ജൂലൈയില്‍ നിയമം നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കുറ്റപ്പെടുത്തി. രോഗിയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ചാര്‍ട്ടറില്‍ എന്ത് നടപടിയെടുത്തുവെന്നും കോടതി ആരാഞ്ഞു.
ഒരു സംസ്ഥാനവും മറുപടി അയച്ചില്ല. അതിനിടയില്‍ ഒക്‌ടോബറില്‍ മാധ്യമസ്ഥാനപങ്ങള്‍ ഹെല്‍ത്ത് കെയര്‍ ആന്റ് ഹെല്‍ത്ത് കെയര്‍ ബില്ല്, 2021 നിയമം തയ്യാറാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പക്ഷേ, കരട് ബില്ലില്‍ രോഗികളുടെ അവകാശം നടപ്പാക്കാനുള്ള ഒരു വ്യവസ്ഥയുമില്ല.
ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്നാണ് ഒക്‌സ്ഫാം ഇന്ത്യയുടെ റിപോര്‍ട്ട്. അവരുടെ സര്‍വേ പ്രകാരം ഇന്ത്യയിലെ സ്ത്രീകളില്‍ 35 ശതമാനം പേര്‍ക്കും പുരുഷ ഡോക്ടര്‍ ചികില്‍സിക്കുമ്പോള്‍ സ്ത്രീകളുടെ സാന്നിധ്യമുണ്ടാവാറില്ല. സ്ത്രീയുടെ സാന്നിധ്യം രോഗിയുടെ അവകാശമാണ്.
രാജ്യത്തെ മൂന്നിലൊന്ന് മുസ് ലിംസ്ത്രീകളും 20 ശതമാനം ആദിവാസി ദലിത് വിഭാഗങ്ങളും മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരോഗ്യരംഗത്ത് വിവേചനം അനുഭവിക്കുന്നവരാണ്.
ആദിവാസി വിഭാഗങ്ങളില്‍ 21 ശതമാനംപേര്‍ക്കും അവരുടെ ജാതികൊണ്ട് വിവേചനം അനുഭവപ്പെടുന്നു. 15 ശതമാനം പിന്നാക്കക്കാര്‍ക്കും ഇതേ അനുഭവമുണ്ട്.
ജനുവരിയില്‍ പുറത്തുവിട്ട എക്കണോമിക് സര്‍വേയില്‍ രോഗചികില്‍സ രാജ്യത്തെ പൗരന്മാരില്‍ കനത്ത ആഘാതമേല്‍പ്പിക്കുന്നുവെന്ന കാര്യം വ്യക്തമാക്കി. പല സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ ഒരേ ചികില്‍സക്ക് കനത്ത ഫീസാണ് ഏര്‍പ്പെടുത്തുന്നത്. പണം കൂടുതല്‍ വാങ്ങുന്നതുകൊണ്ട് ചികില്‍ മെച്ചപ്പെടുന്നുമില്ല.
മരുന്നുവില, രോഗനിര്‍ണയം, ആശുപത്രിചികില്‍സ എന്നിവ രോഗിയുടെ പോക്കറ്റ് കാലിയാക്കുന്നു.
രോഗികളോട് ഡോക്ടര്‍ നിര്‍ദേശിച്ചിടത്തുനിന്നുമാത്രം രോഗനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെടുന്നതായി പത്തില്‍ എട്ട് പേരും പറഞ്ഞു. രോഗിയുടെ അവകാശങ്ങളുടെ ലംഘനമാണ് ഇത്. ഇത് രോഗിയുടെ ചികില്‍സാച്ചെലവ് വര്‍ധിപ്പിക്കുക മാത്രമല്ല, മറ്റ് സാധ്യത തേടാനുള്ള അവസരവും ഇല്ലാതാക്കുന്നു.
ചികില്‍സക്ക് എത്ര രൂപവരുമെന്ന എസ്റ്റിമേറ്റ് ആശുപത്രികള്‍ നല്‍കാറില്ലെന്ന് 58 ശതമാനം പേരും പ്രതികരിച്ചു.
31 ശതമാനം പേര്‍ക്കും ചികില്‍സാരേഖകള്‍ നല്‍കുന്നില്ല. ആവശ്യപ്പെട്ടാല്‍ പോലും ലഭിക്കാറില്ല.
ഇതൊക്കെ പരിഗണിച്ച് ബില്ല് തയ്യാറാക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായതതല്ല. മൃതദേഹങ്ങള്‍ തടഞ്ഞ് വച്ച് ചികില്‍സാച്ചെലവ് ഈടാക്കുന്ന പ്രവണത വര്‍ധിച്ചു. ഇതിനെതിരേ കോടതിവിധി പോലുമുണ്ട്.
നിയമത്തിന്റെ അഭാവം കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരെയാണ്. സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേര്‍ക്കും മൃതദേഹം തടഞ്ഞ് വച്ച് ചികില്‍സാച്ചെലവ് ഈടാക്കിയ അനുഭവമുള്ള ബന്ധുക്കളുണ്ടായിരുന്നു.
അത്തരം അനുഭവമുണ്ടായ 23 ശതമാനം പേര്‍ക്കും 10,000 രൂപയില്‍ താഴെ മാത്രമേ മാസ വരുമാനമുണ്ടായുള്ളൂ. 15 ശതമാനം പേര്‍ ഒരു ലക്ഷത്തിലേറെ മാസവരുമാനമുള്ളവരാണ്.
ഇതൊക്കെ നേരിടാനെന്ന പേരിലാണ് കരട് ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്, റൈറ്റ്‌സ് ടു ഹെല്‍ത്ത് ആന്റ് ഹെല്‍ത്ത് കെയര്‍ ബില്ല്, 2021 എന്ന പേരില്‍. രോഗികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാവും ബില്ലെന്നാണ് കരുതിയിരുന്നതെങ്കിലും സംഭവിച്ചത് മറിച്ചാണ്. സാര്‍വത്രിക ആരോഗ്യസുരക്ഷയുടെ കാര്യത്തിലും പരാജയപ്പെട്ടു. സര്‍വത്രിക ആരോഗ്യ സുരക്ഷാ സംവിധാനം രാജ്യത്തുണ്ടാവുമെന്ന് കഴിഞ്ഞ യുഎന്‍ യൂനിവേഴ്‌സര്‍ ഹെല്‍ത്ത് കവറേജ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.