പ്രജ്വൽ രേവണ്ണ ഇന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തുമെന്ന് സൂചന; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും
ഹൈദരാബാദ്: ലൈംഗികാതിക്രക്കേസ് പ്രതിയായ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ ഇന്ന് അര്‍ധരാത്രിയോടെ വിദേശത്ത് നിന്നു തിരിച്ചെത്തിയേക്കുമെന്ന് സൂചന. മ്യൂണിക്കില്‍ നിന്ന് ബെംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസ് നിലനില്‍ക്കുന്നതിനാല്‍ നാട്ടിലെത്തിയാല്‍ പ്രജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കും. ഉച്ചയ്ക്ക് 12.05ന് മ്യൂണിക്കില്‍ നിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 12.30നാണ് ബെംഗളുരുവില്‍ എത്തുക. അന്വേഷണ സംഘത്തിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപോര്‍ട്ട്.
കര്‍ണാടകയില്‍ കോളിളക്കമുണ്ടാക്കിയ ലൈംഗിക അതിക്രമ പരാതികളാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരേ നിലനില്‍ക്കുന്നത്. രണ്ട് ബലാല്‍സംഗ പരാതികളും ഈ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ ചിത്രീകരിച്ചതിന് സൈബര്‍ പോലിസ് എടുത്ത എഫ്ഐആറും പ്രജ്വലിനെതിരെയുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ പേരമകനായ പ്രജ്വല്‍ രേവണ്ണ കേസെടുത്തതിനു പിന്നാലെ വിദേശത്തേക്ക് കടക്കുകയായിരുന്നു.