ഒമാനില്‍ സ്വദേശിവല്‍ക്കരണം; വിദേശ അധ്യാപകരുടെ ജോലി നഷ്ടമാകും
ഹയര്‍ സെക്കന്ററി തലം വരെയുള്ള സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് ജോലി നഷ്ടമാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മസ്‌ക്കത്ത്: ഒമാനില്‍ അധ്യാപക തസ്തിക സ്വദേശിവല്‍ക്കരിച്ചതോടെ വിദേശ അധ്യാപകര്‍ ജോലി നഷ്ടമാകുമെന്ന ആശങ്കയില്‍. പുതിയ അക്കാദമിക വര്‍ഷം തുടക്കം മുതല്‍ നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ട് ഒമാന്‍ അധ്യാപകരെ നിയമിക്കാനാണ് പദ്ധതി. തീരുമാനം നടപ്പിലാകുന്നതോടെ നിലവില്‍ അധ്യാപകരായി ജോലി ചെയ്യുന്ന 2700ലേറെ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും.
ഹയര്‍ സെക്കന്ററി തലം വരെയുള്ള സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് ജോലി നഷ്ടമാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലായി ഉള്ള മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. പുതിയ തീരുമാനത്തോടെ ഒട്ടേറെപ്പേര്‍ നാട്ടിലേക്കു മടങ്ങേണ്ടിവരും.
ഒമാനില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കായി 32000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാവുകയും അവര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവകുയും ചെയ്ത സാഹചര്യത്തിലാണ് സ്വദേശി വല്‍ക്കരണം വേഗത്തിലാക്കുന്നുതിനുള്ള നടപടികളുമായി ഒമാന്‍ ഭരണകൂടം മുന്നോട്ടുവന്നത്.
നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പ്രകാരം ഒമാന്‍ സര്‍ക്കാര്‍ മേഖലയിലെ വനിതകളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. ഇതില്‍ കൂടുതല്‍ പേരും വനിതകളാണെന്നാണ് കണക്കുകള്‍. ഈജിപ്തുകാരാണ് തൊട്ടുപിറകില്‍.