കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍
ഉറക്കത്തിനിടെ സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വര്‍ണാഭരണങ്ങളും ജനവാതില്‍ വഴി മോഷ്ടിച്ച സംഭവങ്ങളില്‍ പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്‌റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.
മലപ്പുറം: തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ രാത്രികാലങ്ങളില്‍ ജനലിനു ഉള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി അറസ്റ്റില്‍. താനൂര്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉറക്കത്തിനിടെ സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വര്‍ണാഭരണങ്ങളും ജനവാതില്‍ വഴി മോഷ്ടിച്ച സംഭവങ്ങളില്‍ പരപ്പനങ്ങാടി, തിരൂര്‍, പൊന്നാനി എന്നീ സ്‌റ്റേഷന്‍ പരിധികളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.
ഈ കേസുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഷാജിയെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ മാസങ്ങള്‍ക്കു മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. അതിനിടെ, സമാനമായ കുറ്റകൃത്യങ്ങള്‍ തേഞ്ഞിപ്പലം, പരപ്പനങ്ങാടി, താനൂര്‍ സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ
മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജി എന്ന് വിളിക്കുന്ന കാക്ക ഷാജിയെ ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷ്, സബ് ഇന്‍സ്‌പെക്ടര്‍ എന്‍ ശ്രീജിത്ത്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സലേഷ്, സബറുദ്ധീന്‍ ആല്‍ബിന്‍, ഷിബിന്‍ എന്നിവരടങ്ങിയ സഘം പിടികൂടിയത്.തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ, കുന്നംകുളം, ചങ്ങരംകുളം എന്നി പോലിസ് സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ 50 ഓളം കേസുകള്‍ ഉണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.