കുപ്രസിദ്ധ ഈജിപ്ഷ്യന്‍ പീഡകന്‍ ബ്രിട്ടനില്‍ മരിച്ചു

1960കളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളെയും അതിന്റെ നേതാക്കളേയും ക്രൂരമായി പീഡിപ്പിച്ചതിന്റെ ഉത്തരവാദിത്തം ബദ്രാനായിരുന്നു.

Update: 2020-12-01 11:09 GMT

ലണ്ടന്‍: ഗമാല്‍ അബ്ദുന്നാസര്‍ പ്രസിഡന്റായിരിക്കെ രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരെ അതിക്രൂരമായി പീഡിപ്പിച്ച സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള അന്നത്തെ ഈജിപ്ഷ്യന്‍ പ്രതിരോധമന്ത്രി ഷംസ് ബദ്രാന്‍ ബ്രിട്ടനില്‍ അന്തരിച്ചു. 91കാരനായ ബദ്രാന്‍ ബ്രിട്ടനില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

1960കളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളെയും അതിന്റെ നേതാക്കളേയും ക്രൂരമായി പീഡിപ്പിച്ചതിന്റെ ഉത്തരവാദിത്തം ബദ്രാനായിരുന്നു. ഇരകളായ നൂറുകണക്കിന് പേരെ ഇദ്ദേഹം നേരിട്ടോ ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമോ കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയെന്നാണ് ആക്ഷേപം.

ഇസ്രായേലുമായുള്ള ആറ് ദിന യുദ്ധത്തില്‍ ഈജിപ്ത് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം പ്രതിരോധമന്ത്രിയായിരുന്ന ഷംസ് ബദ്രാനാണെന്ന് ഗമാല്‍ അബ്ദുന്നാസര്‍ കുറ്റപ്പെടുത്തിയിരുന്നു.യുദ്ധാനന്തരം അദ്ദേഹത്തെ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം വിചാരണ ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു.

1974 ല്‍ ജയില്‍ മോചിതനായ അദ്ദേഹം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. എന്നാല്‍, പീഡനങ്ങള്‍ക്ക് താനല്ല ഉത്തരവാദിയെന്ന് അവകാശപ്പെട്ട് 2012ല്‍ ബദ്രാന്‍ മുസ്‌ലിം ബ്രദര്‍ഹുഡിന് കത്തയച്ചെങ്കിലും സംഘടനയുടെ നേതാക്കള്‍ ഈ വാദം തള്ളിയിരുന്നു. ബദ്രാന്‍ നുണ പറയുകയാണെന്നും തന്നെ നേരിട്ട് പീഡിപ്പിച്ചിട്ടുണ്ടെന്നും ബ്രദര്‍ഹുഡിന്റെ ഡെപ്യൂട്ടി സുപ്രിം ഗൈഡ് റഷാദ് ബയൂമി വ്യക്തമാക്കിയിരുന്നു.

'ദൈവത്തെ പേടിക്കണമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ദൈവം ഇവിടെ ഇറങ്ങിയാല്‍ താന്‍ ദൈവത്തെ നിങ്ങളുടെ അടുത്തുള്ള സെല്ലില്‍ അടയ്ക്കുമെന്നായിരുന്നു ബദ്രാന്റെ ഭീഷണിയെന്ന് ബയൂമി പറഞ്ഞിരുന്നു. ചാട്ടവാറടി, തൂക്കിക്കൊല്ലല്‍, കത്തുന്ന മദ്യം തളിക്കല്‍, സെല്ലുകളില്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ വെള്ളം നിറയ്ക്കല്‍, വിശന്ന് വലഞ്ഞ നായ്ക്കളെ തടവുകാരെ കടിക്കാന്‍ സെല്ലിലേക്ക് തുറന്നുവിടല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്ക് ബദ്രാന്‍ തങ്ങളെ ഇരയാക്കിയിരുന്നുവെന്ന് ബയോമി വിശദീകരിച്ചു.

1954 ല്‍ തുറങ്കിലടയ്ക്കപ്പെട്ട താന്‍ 1965ല്‍ ആണ് പുറത്തിറങ്ങിയത്. നാല് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയും 1972 വരെ ഏഴ് വര്‍ഷം കൂടി ജയിലിടയ്ക്കുകയും ചെയ്തു-ബയൂമി 2012 ല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News