ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തും: മന്ത്രി ആര്‍ ബിന്ദു

Update: 2022-03-20 05:33 GMT

കോഴിക്കോട്: വിവിധ പദ്ധതികളിലൂടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും ലേഡീസ് ഹോസ്റ്റലിന്റെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാര്‍ത്ഥിയുടേയും അവകാശമാണെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുകയാണ്. ഇതിലൂടെ അന്തര്‍ദേശീയ നിലവാരത്തിലുള്ള സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി ഉന്നതവിദ്യാഭ്യാസരംഗത്തും മുന്‍പന്തിയിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ ശാലീനത നിറഞ്ഞു നില്‍ക്കുന്ന സി.കെ.ജി കോളേജില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.82 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. യു.ജി.സിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി 1.2 കോടി രൂപ ചെലവില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ കെട്ടിടവും, റൂസ പ്രജക്ടിന്റെ ഭാഗമായി 2 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അക്കാദമിക് ബ്ലോക്കും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളും നിലവില്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗുണഭോക്താവ് വിദ്യാര്‍ത്ഥിയാണെന്ന അടിസ്ഥാനപരമായ കാഴ്ചപ്പാടോടു കൂടിയുള്ള അഴിച്ചു പണികള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിനീഷ് അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായിരുന്നു. പി.ഡബ്ല്യൂ.ഡി. അസി. എക്‌സി. എന്‍ജിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാര്‍ പേരാമ്പ്ര, ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, സിന്‍ഡിക്കേറ്റ് അംഗം കെ.കെ. ഹനീഫ, പി്.ടി.എ അംഗങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ. മിയ സ്വാഗതവും റൂസ കോഓര്‍ഡിനേറ്റര്‍ ഡോ. ജാസ്മിന്‍ മാത്യു നന്ദിയും പറഞ്ഞു.

Tags:    

Similar News