രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരേ ബലാല്‍സംഗ ആരോപണമുന്നയിച്ച യുവതിക്ക് നേരേ മഷി ആക്രമണം
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരേ ബലാല്‍സംഗ ആരോപണമുന്നയിച്ച യുവതിക്ക് നേരേ മഷി ആക്രമണം. 23 കാരിയായ യുവതിക്ക് നേരേ ശനിയാഴ്ച ഡല്‍ഹിയിലെ റോഡില്‍ വച്ചാണ് മഷിയെറിഞ്ഞതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടതായി പോലിസ് പറഞ്ഞു. ദക്ഷിണ ഡല്‍ഹിയില്‍ അമ്മയ്‌ക്കൊപ്പം റോഡിലൂടെ നടക്കുമ്പോഴാണ് ആക്രമണമുണ്ടായത്. രണ്ട് പുരുഷന്‍മാരാണ് ആക്രമണം നടത്തിയതെന്ന് യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കാളിന്ദി കുഞ്ച് റോഡിന് സമീപത്ത് ഇവര്‍ യുവതിക്ക് നേരെ നീല നിറത്തിലുള്ള ദ്രാവകം എറിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു. യുവതിയെ എയിംസ് ട്രോമാ സെന്ററിലേക്ക് കൊണ്ടുപോയി വിശദമായി പരിശോധിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെക്ഷന്‍ 195 എ (തെറ്റായ തെളിവ് നല്‍കാന്‍ ഭീഷണിപ്പെടുത്തല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 34 (പൊതു ഉദ്ദേശം) എന്നിവ പ്രകാരം ഷഹീന്‍ ബാഗ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നു- ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സൗത്ത് ഈസ്റ്റ്) ഇഷ പാണ്ഡെ പറഞ്ഞു.
പ്രതികളെ തിരിച്ചറിയാനും സംഭവങ്ങളുടെ നിജസ്ഥിതി കണ്ടെത്താനും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് അന്വേഷിക്കുന്നുണ്ടെന്ന് ഡിസിപി പറഞ്ഞു. സ്ത്രീയെ ആക്രമിച്ചതിന് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ ഡല്‍ഹി പോലിസിന് നോട്ടീസ് നല്‍കുമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഞായറാഴ്ച ട്വിറ്ററില്‍ കുറിച്ചു.
രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരേ നല്‍കിയ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയാണ് യുവതി. ഇവരുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മന്ത്രിയുടെ മകന്‍ രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് സംഘത്തെ ജയ്പൂരിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, മന്ത്രിയുടെ മകനെ വീട്ടില്‍ കണ്ടെത്താനായില്ല. രോഹിത് ജോഷി ഇന്നലെ ഡല്‍ഹി പോലിസ് സംഘത്തിന് മുന്നില്‍ ഹാജരായി.
ഡല്‍ഹിയിലെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷമാണ് അദ്ദേഹം ഹാജരായത്. കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിനും ഈ വര്‍ഷം ഏപ്രില്‍ 17നും ഇടയില്‍ മന്ത്രിയുടെ മകന്‍ തന്നെ പലതവണ ബലാല്‍സംഗം ചെയ്യുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് രോഹിത് ജോഷിയുമായി ഫേസ്ബുക്കില്‍ സൗഹൃദം വളര്‍ത്തിയതെന്നും അന്ന് മുതല്‍ തങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും യുവതി പറഞ്ഞു. രോഹിത് ജോഷി തട്ടിക്കൊണ്ടുപോയി ബ്ലാക്ക്‌മെയില്‍ ചെയ്തതായും അവര്‍ ആരോപിച്ചു.