വഹാബ് പക്ഷം അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു;വഹാബിന് തെറ്റുതിരുത്തി മടങ്ങിവരാമെന്ന് ഐഎന്‍എല്‍ അഡ്‌ഹോക് സമിതി

50 ആളെ വിളിച്ച് ബിരിയാണി നല്‍കിയാല്‍ പാര്‍ട്ടി കൗണ്‍സിലാവില്ലെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു

Update: 2022-02-16 09:21 GMT

കോഴിക്കോട്: ഐഎന്‍എല്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുള്‍ വഹാബിനെതിരെ നടപടി ഉണ്ടാകുമെന്ന് പാര്‍ടി അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് ദേവര്‍കോവില്‍. വഹാബിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹം. അദ്ദേഹത്തിന് തെറ്റ് തിരുത്തി മടങ്ങിവരാം.വഹാബ് പക്ഷം അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

വഹാബ് പക്ഷമാണ് ഗുണ്ടകളെ ഉപയോഗിച്ച് എറണാകുളത്ത് അക്രമം ഉണ്ടാക്കിയത്.അക്രമത്തെ കുറിച്ച് ദേശീയ നേതൃത്വത്തെ അറിയിച്ചു.അക്രമത്തില്‍ എഫ്‌ഐആറില്‍ പേരുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വഹാബ് വിളിച്ചു ചേര്‍ക്കുന്നത് ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സിലല്ല. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത വഹാബിന് ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സില്‍ വിളിക്കാനാവില്ല.50 ആളെ വിളിച്ച് ബിരിയാണി നല്‍കിയാല്‍ പാര്‍ട്ടി കൗണ്‍സിലാവില്ലെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.ഐഎന്‍എല്ലിനെ തകര്‍ക്കാന്‍ ചില ബാഹ്യ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

സമയബന്ധിതമായി ഐഎന്‍എല്‍ അംഗത്വ വിതരണം ഈ മാസം 28 ന് മുന്‍പ് പൂര്‍ത്തിയാക്കും. ഫെബ്രുവരി 20 ന് മുന്‍പ് ജില്ലാ കമ്മിറ്റി ചേര്‍ന്ന് അംഗത്വ വിതരണ നടപടികള്‍ തുടങ്ങണം. പാര്‍ട്ടിയില്‍ ഗുരതമായ അച്ചടക്ക ലംഘനം നടത്തിയവര്‍ക്ക് അംഗത്വം നല്‍കുന്നതില്‍ ആലോലിച്ചു മാത്രമേ അഡ്‌ഹോക് കമ്മിറ്റി തീരുമാനം എടുക്കൂവെന്നും യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന കൗണ്‍സില്‍ പിരിച്ചു വിട്ട ദേശീയ നേതൃത്ത്വത്തിന്റെ നടപടി അംഗീകരിക്കില്ലെന്ന് അബ്ദുള്‍ വഹാബ് വ്യക്തമാക്കിയിരുന്നു. പിരിച്ചു വിട്ട സംസ്ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കുമെന്നും അബ്ദുള്‍ വഹാബ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News