ഐഎന്‍എല്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കാസിം വിഭാഗം ലംഘിച്ചതായി പരാതി

Update: 2021-09-07 07:32 GMT

കോഴിക്കോട് : കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മധ്യസ്ഥതയില്‍ ഐഎന്‍എല്‍ വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കാസിം വിഭാഗം ലംഘിച്ചതായി പരാതി. മെമ്പര്‍ഷിപ്പ് വിതരണം നിര്‍ത്തിവെക്കാനും കേസുകള്‍ പിന്‍വലിക്കാനുമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. ഇന്ന് കാന്തപുരത്തെ കണ്ട് ഒത്തുതീര്‍പ്പു ലംഘനം ബോധ്യപ്പെടുത്തുമെന്ന് വഹാബ് വിഭാഗം അറിയിച്ചു.


സംസ്ഥാന പ്രസിഡന്റായി എ പി അബ്ദുല്‍ വഹാബും ജനറല്‍ സെക്രട്ടറിയായി കാസിം ഇരിക്കൂറും തുടരുക, ജൂലൈ 25 ന് ശേഷം എടുത്ത എല്ലാ അച്ചടക്ക നടപടികളും ഒഴിവാക്കുക, നിലവില്‍ കാസിം വിഭാഗം നടത്തുന്ന അംഗത്വ വിതരണം റദ്ദാക്കി രണ്ടു മാസത്തിന് ശേഷം പുതിയ അംഗത്വ വിതരണം നടത്തുക, കേസുകള്‍ പിന്‍വലിക്കുക എന്നിവയാണ് നേരത്തെയുണ്ടാക്കിയ ധാരണകള്‍.


എന്നാല്‍ തിങ്കളാഴ്ച മഞ്ചേരിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ അംഗത്വ വിതരണം നടത്തിയെന്നും, അംഗത്വ വിതരണം തുടരുമെന്ന് കാസിം ശബ്ദ സന്ദേശം നല്‍കി എന്നുമാണ് പരാതി. ചൊവ്വാഴ്ച കോഴിക്കോട് കോടതിയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട കേസിന്റെ നടപടികള്‍ ഉണ്ട്. കേസ് പിന്‍വലിക്കാമെന്ന വ്യവസ്ഥയും ഇതുവരെ പാലിച്ചിട്ടില്ലെന്നും വഹാബ് വിഭാഗം ആരോപിക്കുന്നു.




Tags:    

Similar News