ഉഴുന്നുവടയിൽ ചത്ത തവള; ഷൊർണൂർ നഗരസഭയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന
ഷൊര്‍ണൂര്‍: നഗരസഭ ആരോഗ്യവിഭാഗം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഹോട്ടലുകളിലും എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിലും വ്യാപക പരിശോധന നടത്തി. പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഹോട്ടലുകള്‍ പൂട്ടിച്ചു. നഗരസഭ പരിധിയില്‍ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിലും റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവളയെ കണ്ട സാഹചര്യത്തിലുമാണ് നടപടി.
ഷൊര്‍ണൂര്‍ ടൗണിലെ ബാലാജി ഹോട്ടല്‍, റെയില്‍വേ സ്റ്റേഷന് പരിസരത്തും തെക്കേ റോഡിലുമുള്ള എണ്ണക്കടികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് പൂട്ടിച്ചത്. ഈ സ്ഥാപനങ്ങളെല്ലാം റെയില്‍വേ സ്റ്റാളുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ നല്കുന്നവയാണ്. ഭക്ഷ്യയോഗ്യമല്ലാത്തതും തലേദിവസം പാചകം ചെയ്തതുമായ ബീഫ്, മീന്‍കറി, പഴകിയ ചപ്പാത്തി, കാലാവധി കഴിഞ്ഞ ദോശമാവ് എന്നിവയാണ് ബാലാജി ഹോട്ടലില്‍ കണ്ടെത്തിയത്.
ദിവസങ്ങളോളം ഉപയോഗിച്ച കറുത്ത നിറത്തിലുള്ള എണ്ണയും കണ്ടെത്തി. വൃത്തിഹീനമായ അടുക്കളയാണ് എല്ലാ സ്ഥാപനങ്ങളിലുമുള്ളത്. അടുക്കളയില്‍ മലിനജലം കെട്ടി നില്‍ക്കുന്നതായും മാലിന്യം കൂട്ടിയിട്ടിരുന്നതായും ക്ലീന്‍ സിറ്റി മാനേജര്‍ പറഞ്ഞു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളുമുണ്ടെന്നും മാനേജര്‍ വ്യക്തമാക്കി. ഇനി ഒരു തീരുമാനമുണ്ടാകുന്നത് വരെ ഈ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നോട്ടിസ് നല്കി. ക്ലീന്‍ സിറ്റി മാനേജര്‍ ടികെ പ്രകാശന്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ വിനോദ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗിരിജ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.