കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഭക്ഷ്യ വസ്തുക്കളുടേയും മറ്റു നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം, മായം ചേര്‍ക്കല്‍, അളവ്തൂക്കത്തില്‍ കൃത്രിമം കാണിക്കല്‍, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചു വില്‍പ്പന, പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയും.
കടകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുകയും മിതമായ വിലയ്ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ വില്‍ക്കുകയും വേണം. അവശ്യ വസ്തുക്കള്‍ പൂഴ്ത്തി വെച്ച് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കരുത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ ഹോട്ടലുകളിലും മറ്റും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.
പൊതുവിപണി പരിശോധിക്കുന്നതിന് പൊതുവിതരണം, ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ തലപരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.