കോട്ടയം: മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളിയെ തീവ്രശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ സുശാന്തിനെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. സുശാന്തുമായി ആംബുലന്‍സ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടു. സുശാന്തിന്റെ കാലിന് നേരിയ പരിക്കുണ്ടെന്നാണ് സൂചന. രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. രണ്ടേകാല്‍ മണിക്കൂറോളം പോലിസിന്റെയും അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടന്ന പരിശ്രമത്തിനൊടുവിലാണ് സുശാന്തിനെ സുരക്ഷിതമായി പുറത്തെത്തിക്കാനായത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇടിഞ്ഞ വീടിന്റെ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സുശാന്തും കൂട്ടരുമെത്തിയത്.
മഴ പെയ്തതിനെ തുടര്‍ന്ന് കുതിര്‍ന്ന മണ്ണും പലകയും കല്ലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ ഇളകിവീഴുകയായിരുന്നു. സുശാന്തും മറ്റ് മൂന്നുപേരാണ് ഇവിടെ ജോലി ചെയ്തിരുന്നത് മണ്ണിടിഞ്ഞുവീഴുന്നത് കണ്ടപ്പോള്‍ തന്നെ മറ്റ് മൂന്നുപേരും ഓടിമാറി. എന്നാല്‍, സുശാന്തിന് രക്ഷപ്പെടാനായില്ല. പലകയ്ക്കിടയില്‍ സുശാന്തിന്റെ കാല്‍ കുടുങ്ങിയതോടെ നെഞ്ചിന് താഴെയുള്ള ഭാഗം മണ്ണിനടിയിലായി. സുശാന്തിനെ പുറത്തെത്തിക്കാനുള്ള ശ്രമം വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നു. ചെറിയ തോതില്‍ മണ്ണിടിച്ചില്‍ തുടര്‍ന്നതോടെ സുശാന്തിനു മുകളില്‍ പലകകൊണ്ട് സുരക്ഷാകവചം തീര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അവശനായതിനെ തുടര്‍ന്ന് ട്യൂബിലൂടെ ഓക്‌സിജന്‍ നല്‍കിയാണ് സുശാന്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.