അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടു; മന്ത്രി കെടി ജലീലിനെതിരേ ഗവര്‍ണര്‍ക്ക് പരാതി
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയത് ചട്ടലംഘനമണെന്നാണ് ആരോപണം.
തിരുവനന്തപുരം: എയ്ഡഡ് കോളജ് അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ ടി ജലീലിനെതിരേ പരാതി. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയത് ചട്ടലംഘനമണെന്നാണ് ആരോപണം. നേരത്തെ സര്‍വ്വകലാശാല തന്നെ നിരസിച്ച അപേക്ഷയ്ക്കായി വീണ്ടും ഇടപെട്ടതിനെതിരേ സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
ഒരു പഠന വിഭാഗത്തില്‍ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ, ഇത് മറികടക്കാന്‍ മന്ത്രി തന്നെ ഇടപെട്ട് യോഗം വിളിച്ച് സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയെന്നാണ് പരാതി.
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ ലാറ്റിന്‍ പഠന വിഭാഗത്തില്‍ നിയമിക്കപ്പെട്ട അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതില്‍ ഉചിതമായ നടപടി സ്വീകരിക്കാനാണ് കേരള സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്. അപേക്ഷകനായ അധ്യാപകന്‍ ഫാ.വി വൈ ദാസപ്പനെ കൂടി പങ്കെടുപ്പിച്ചാണ് സര്‍വകലാശാല, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി 7ന് മന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുകൂട്ടിയത്.
ലാറ്റിന്‍ വിഭാഗത്തില്‍ നിയമിക്കപ്പെട്ട ഇദ്ദേഹം പിന്നീട് കോളേജ് പ്രിന്‍സിപ്പലായതോടെ ലാറ്റിന്‍ ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന കാരണം നിരത്തിയാണ് പഠന വകുപ്പ് മാറ്റാന്‍ ശ്രമിക്കുന്നത്.