ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍; സൗദിയില്‍ ജയിലില്‍ കഴിയുകയായിരുന്ന കാസര്‍കോഡ് സ്വദേശികളായ സഹോദരങ്ങള്‍ നാട്ടിലെത്തി

Update: 2021-09-22 10:48 GMT

ജിദ്ദ: മൂന്നു വര്‍ഷത്തോളം സൗദിയിലെ ജയിലില്‍ കഴിഞ്ഞ നീലേശ്വരം തൈക്കടപ്പുറം സ്വദേശികളായ ഷംസുദ്ദീന്‍, മൊയ്തീന്‍ കുഞ്ഞി എന്നീ സഹോദരങ്ങള്‍ ഒടുവില്‍ ജയില്‍മോചിതരായി നാട്ടിലേക്ക് മടങ്ങി. മഹായിലിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. 

അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ പലചരക്ക് കടയും ഹോട്ടലും പെട്രോള്‍ പമ്പും ഉള്‍ക്കൊള്ളുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണ് ഇരുവരുടെയും ജീവിതത്തില്‍ ദുരിതമെത്തുന്നത്. സ്വദേശിയായ സ്ഥലമുടമ വായ്പയെടുത്ത് പുതുതായി വാഹനം വാങ്ങിയപ്പോള്‍ ഇവരില്‍നിന്ന് കടലാസ് ഒപ്പിട്ടുവാങ്ങിയിരുന്നു. അതില്‍ 60,000 റിയാലിന്റെ അധികബാധ്യത എഴുതിച്ചേര്‍ക്കുകയും ചെയ്തു. ആ തുക ഇവരില്‍നിന്ന് പിന്നീട് ഈടാക്കാന്‍ ശ്രമം നടത്തുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.

മാസങ്ങള്‍ക്കുശേഷമാണ് ചതിക്കപ്പെട്ട വിവരം ഇവര്‍ അറിയുന്നത്. അതിനിടയില്‍ വാഹനം കുറഞ്ഞ വിലയ്ക്ക് സ്ഥലമുടമ മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. അതോടെ വാഹനത്തിന്റെ തിരിച്ചടവ് ഇവരുടെ ബാധ്യതയായി.

എട്ടു വര്‍ഷം മുമ്പ് നിതാഖാത് നിയമം പ്രാബല്യത്തില്‍ വരുന്ന സമയമായതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. സ്വദേശിവത്കരണത്തെത്തുടര്‍ന്ന് ഷംസുദ്ദീനും മൊയ്തീന്‍ കുഞ്ഞിക്കും തൊഴില്‍ നഷ്ടമായി.

മറ്റൊരു തൊഴിലിനായി ശ്രമിക്കുന്നതിനിടെയാണ് പോലിസിന്റെ പിടിയിലാവുന്നത്. ജയിലില്‍ കഴിയവേ, സ്ഥലമുടമയ്ക്ക് ബാധ്യതയായിട്ടുള്ള തുക സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ കോടതി മുഖേന അടച്ചുതീര്‍ക്കാനായി. തര്‍ഹീല്‍ (നാടുകടത്തല്‍ കേന്ദ്രം) വഴി നാട്ടിലേക്കയക്കാന്‍ വിധിയാവുകയും ചെയ്തു. എന്നാല്‍ കൊവിഡ് വ്യാപനമായതോടെ തര്‍ഹീല്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ നാട്ടിലേക്ക് പോകാനുള്ള സാഹചര്യവും വൈകി. അതോടെയാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ടത്.

പ്രവാസത്തിലെ നല്ലൊരു ഭാഗവും ദുരിതജീവിതം നയിക്കേണ്ടി വന്ന ശംസുദ്ധീനും മൊയ്തീന്‍കുഞ്ഞിയും നാടണയാനുള്ള വഴിതെളിയിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹികളോടുള്ള നന്ദി അറിയിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ യാത്രയായത്. 

Tags:    

Similar News