ലഖ്‌നോ: തെരുവുനായ കടിച്ചുകീറിയ ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സെക്ടര്‍ 100ല്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ് ബൊളിവാര്‍ഡ് എന്ന നോയിഡ ഹൗസിങ് സൊസൈറ്റിയിലെ തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്. പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായെത്തിയതായിരുന്നു ഇയാള്‍. ജോലി ചെയ്യുന്നതിനിടെ കുഞ്ഞിനെ സമീപത്ത് കിടത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. ക്രൂരമായ ആക്രമണത്തില്‍ കുഞ്ഞിന്റെ കുടല്‍ പുറത്തുവന്നു.
ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഐസിയുവില്‍ ചികില്‍സയില്‍ കഴിയവേ കുഞ്ഞിന്റെ ആരോഗ്യനില മോശമാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. കുഞ്ഞിന്റെ മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി നോയിഡയിലെ ഹൗസിങ് കോളനിയില്‍ പ്രദേശവാസികള്‍ തടിച്ചുകൂടി. സമൂഹത്തില്‍ തെരുവുനായകളെ തീറ്റിപ്പോറ്റുകയാണെന്നും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും അധികൃതര്‍ കണ്ണടയ്ക്കുകയാണെന്നും രോഷാകുലരായ നാട്ടുകാര്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് ഇതിനെതിരേ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ നോയിഡ അധികൃതരോട് ആവശ്യപ്പെട്ടു. അതേസമയം, വിഷയം അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും തെരുവുനായ ഭീഷണിക്കെതിരേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും എഒഎ (അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍) സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നോയിഡ പോലിസ് അന്വേഷണം ആരംഭിച്ചു.