ദുബയ്: കൊറോണയെ തുടര്‍ന്ന് മാസങ്ങളോളം നീട്ടിവച്ച ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കമാവും. ദുബായിലെ അബുദാബി ശെയ്ഖ് സായിദ് അന്താരാഷ്ട്രസ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചിരവൈരികളായ ചെന്നൈ കിങ്‌സിനെയാണ് ഉദ്ഘാടന മല്‍സരത്തില്‍ നേരിടുന്നത്. മാസങ്ങളോളമായി ഉറങ്ങികിടന്ന ക്രിക്കറ്റ് വെടിക്കെട്ടിനാണ് ഇതോടെ തുടക്കമാവുന്നത്. അബുദാബിയില്‍ കളിച്ച് പരിചയവും പരിശീലനം നടത്തി പരിചയവും മുംബൈ ഇന്ത്യന്‍സിനാണുള്ളത്. ഇത് അവര്‍ക്ക് മുതല്‍ക്കൂട്ടാവും.
ചെന്നൈ ടീമാവട്ടെ മല്‍സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഇവിടെയെത്തുകയൂള്ളൂ. കൊറോണയെ തുടര്‍ന്ന് ചെന്നൈയുടെ പരിശീലനവും കൃത്യമായി നടന്നിരുന്നില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. മുംബൈയ്ക്ക് വേണ്ടി രോഹിത്ത് ശര്‍മ്മയും ക്വിന്റണ്‍ ഡീകോക്കുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഷെയ്ന്‍ വാട്‌സണ്‍, അംമ്പാട്ടി റായിഡു എന്നിവരാണ് ചെന്നൈയ്ക്കായി ഓപ്പണ്‍ ചെയ്യുക. ചെന്നൈയ്‌ക്കെതിരേ കളിച്ച 10 മല്‍സരത്തില്‍ എട്ടെണ്ണത്തിലും മുംബൈയ്ക്കായിരുന്നു വിജയം.
മല്‍സരത്തിന് കാണികള്‍ക്ക് പ്രവേശനമില്ല. ഇന്ന് രാത്രി 7.30നാണ് മല്‍സരം. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്1, 2. എച്ച് ഡി എന്നിവയില്‍ സംപ്രേക്ഷണം ചെയ്യും.