ആര്‍എസ്എസ് മേധാവിയുടേത് നിരുത്തരവാദമായ പ്രസ്താവന: അല്‍ഹാദി അസോസിയേഷന്‍

Update: 2023-01-16 07:09 GMT

പൂന്തുറ: മേല്‍ക്കോയ്മ അവകാശത്തില്‍ നിന്നും പിന്തിരിയുകയാണെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഇവിടെ ഭയപ്പെടേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ലെന്ന ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന അനവസരത്തിലുള്ളതും നിരുത്തരവാദപരവുമാണെന്ന് അല്‍ഹാദി അസോസിയേഷന്‍. ഹെഡ്‌ഗേവാര്‍ മുതല്‍ ഇന്നേവരെയുള്ള എല്ലാ സര്‍സംഘചാലകുമാരും നടത്തിയിട്ടുള്ള വര്‍ഗീയ വിഷം വമിക്കുന്ന വാചകമടിയുടെ തുടര്‍ച്ച മാത്രമാണ് ഇതും. ഇതൊരു മതേതര ജനാധിപത്യ റിപബ്ലിക്കാണ് എന്ന കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യയുടെ മഹത്തായ ഭരണഘടന ഇവിടെ അധിവസിക്കുന്ന മുഴുവന്‍ സമൂഹത്തിനും മതവിഭാഗത്തിനും ഒരേ സ്ഥാനവും ഒരേ അവകാശവും വകവെച്ചുനല്‍കിയിട്ടുണ്ട്.

ആ സാഹചര്യത്തില്‍ മുസ്‌ലിമിംകളുടെയോ മറ്റേതെങ്കിലും ജനവിഭാഗത്തിന്റെയോ ജീവിക്കാനുള്ള അവകാശവും നിര്‍ഭയത്വത്തിന്റെ ഉത്തരവാദിത്തവും ആരും ഏറ്റെടുക്കേണ്ടതില്ല. ഇവിടുത്തെ മുസ്‌ലിമിംകള്‍ ഇവിടെ ജനിച്ചുവളര്‍ന്നവരാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും രക്തവും ഏറ്റവും കൂടുതല്‍ സമര്‍പ്പിച്ചിട്ടുള്ളത് ഈ സമുദായം തന്നെയാണ്. ബ്രിട്ടീഷുകാരോട് ഇവിടുത്തെ ജനങ്ങള്‍ ജാതിയും മതവും മറന്ന് ഏറ്റുമുട്ടുമ്പോള്‍ ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയും മാപ്പെഴുതിക്കൊടുത്തും രാജ്യത്തെ ഒറ്റുകയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കോപ്പ് കൂട്ടുകയും ചെയ്തിരുന്ന ആര്‍എസ്എസിന് സ്വതന്ത്ര ഇന്ത്യയില്‍ പ്രത്യേക അവകാശങ്ങള്‍ ഒന്നുമില്ല.

ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും മറ്റ് മതവിഭാഗങ്ങളും ഏകോദര സഹോദരന്‍മാരെപ്പോലെ ഇവിടെ ജീവിച്ചുവരുമ്പോള്‍ അക്രമം ആദര്‍ശമാക്കിയ ആര്‍എസ്എസ് സമാധാനപ്രിയരായ ഹിന്ദുക്കളുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് വിരോധാഭാസമാണ്. ഹിറ്റ്‌ലറെയും മുസോളിനിയെയും മാതൃകയാക്കുന്നവര്‍ക്ക് മഹാത്മാഗാന്ധി എന്നും ചതുര്‍ഥി തന്നെയായിരുന്നു. തങ്ങളുടെ ഔദ്ധത്യത്തിന് വഴങ്ങാത്തവരെയെല്ലാം വെട്ടിനുറുക്കിയും വെടിവച്ചും തകര്‍ത്തില്ലാതാക്കിയവര്‍ക്ക് സമാധാനമെന്നത് കുരങ്ങന്റെ കൈയിലെ പൂമാല മാത്രമാണ്.

1925 മുതല്‍ ആയിരക്കണക്കിന് കലാപങ്ങളിലൂടെ ലക്ഷക്കണക്കിന് നിരപരാധികളുടെ രക്തം കൊണ്ട് ഹോളി കളിച്ച് വളര്‍ന്നവര്‍ക്ക് കലാപങ്ങളില്ലാതെ മുന്നോട്ടുപോകാനാവില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സമാധാന പ്രിയരായ യഥാര്‍ഥ ഹിന്ദുവും മുസല്‍മാനും സിക്കും ക്രിസ്ത്യാനിയും ജൈനനും തോളോട് തോള്‍ ചേര്‍ന്നുനിന്ന് ഇത്തരം ശക്തികളെ പ്രതിരോധിക്കുക തന്നെ ചെയ്യും. അതിനായി മതേതര സോഷ്യലിസ്റ്റ് ചേരികള്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ നിന്നും പുറത്തുവരേണ്ടതുണ്ട്. ആസുരതയുടെ അട്ടഹാസങ്ങളുയരുമ്പോള്‍ ഭീരുത്വത്തിന്റെ പുറംതോട് പൊളിച്ച് ധീരത പ്രകടിപ്പിച്ച ജനതയ്ക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാനായിട്ടുള്ളൂ എന്നും അല്‍ഹാദി അസോസിയേഷന്‍ ഓര്‍മിപ്പിച്ചു.

Tags:    

Similar News