ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന സമരത്തില്‍ ഉള്‍പ്പെട്ട് ജയിലിലായ ഇസ്രത് ഹജാന്‍ രണ്ട് വര്‍ഷത്തിനുശേഷം തടവറയില്‍നിന്ന് പുറത്തെത്തി. കഴിഞ്ഞ ആഴ്ചയാണ് അവര്‍ ജയില്‍ മോചിതയായത്.
'എനിക്കെന്റെ കുടുംബത്തെ നഷ്ടപ്പെട്ടു. ആ വേര്‍പിരിയല്‍ വേദനാജനകമായിരുന്നു'- ഇസ്രത്ത് ജഹാന്‍ പറഞ്ഞു. 2020 ഫെബ്രുവരി മാസത്തിലാണ് ജഹാന്‍ നിരവധി ആക്റ്റിവിസ്റ്റുകള്‍ക്കൊപ്പം ജയിലിലായത്.
ഡിസംബര്‍ 2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിയത്. 2014 ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തുന്ന അമുസ്‌ലിം കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പുതുക്കിയ പൗരത്വ ഭേദഗതി നിയമം, ഇന്ത്യന്‍ പൗരത്വം ഉറപ്പുനല്‍കുന്നു. ഇത് അതുവരെയുണ്ടായിരുന്ന പൗരത്വ നിയമത്തില്‍നിന്ന് ഏറെ വ്യത്യസ്തവും മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരും വിവേചനപരവുമാണ്.
ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ് ലിംകളെ ലക്ഷ്യമിട്ടുളള ഈ നിയമത്തിനെതിരേ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഷാഹീന്‍ ബാഗിലും സമരം തുടങ്ങി. ഏറെ താമസിയാതെ ഇന്ത്യയിലെ പ്രക്ഷോഭത്തിന്റെ കേന്ദ്രമായി ഇത് മാറി.
ഒരു അഭിഭാഷകയും മുന്‍ കൗണ്‍സിലറുമായ ജഹാന്‍ പൗരത്വ നിയമത്തിനെതിരേ കിഴക്കന്‍ ഡല്‍ഹിയിലെ ഖുറേജി പ്രദേശത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. പ്രക്ഷോഭം രൂക്ഷമായതോടെ ബിജെപി നേതാക്കളും അ്ണികളും ഇതിനെതിരേയുള്ള ആക്രമണങ്ങളും രൂക്ഷമാക്കി.
ഹിന്ദുത്വര്‍ ഫെബ്രുവരി 2020ല്‍ നടത്തിയ വിദ്വേഷപ്രസംഗം മുസ് ലിംകള്‍ക്കെതിരേ ആക്രമണത്തിന് കാരണമായി. അതില്‍ 50ഓളം പേര്‍ കൊല്ലപ്പെട്ടു. അതില്‍ മിക്കവാറും മുസ് ലിംകളായിരുന്നു.
പോലിസ് ആക്രമണകാരികള്‍ക്കെതിരേയല്ല ഇരകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടു. പലര്‍ക്കുമെതിരേ യുഎപിഎ ചുമത്തി. ജയിലിലായവരുടെ കേസുകള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞാണ് നീങ്ങിയത്. ഓരോരുത്തരും കൂടുതല്‍ കാലം ജയിലില്‍ കിടക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തി.
2020 ഫെബ്രുവരി 26 നാണ് ജഹാന്‍ അറസ്റ്റിലായത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രകോപനമുണ്ടാക്കിയെന്നും പോലിസ് ആരോപിച്ചു. യുഎപിഎ ചുമത്തുകയും ചെയ്തു. ഖുറേജിയിലെ പ്രതിഷേധ സ്ഥലത്തുനിന്നാണ് അവരെ അറസ്റ്റ് ചെയ്തത്. ഒരു അജ്ഞാത സന്ദേശത്തെ പിന്തുടര്‍ന്നാണ് അവര്‍ എത്തിയത്. പക്ഷേ, അവിടെ അവരെ കാത്തിരുന്നത് വലിയൊരു പോലിസ് സന്നാഹമായിരുന്നു.
അന്ന് അറസ്റ്റിലായ ജഹാന് ഇക്കഴിഞ്ഞ മാര്‍ച്ച് 14ന് വിചാരണക്കോടതി ജാമ്യം അനുവദിച്ചു. തന്റെ കക്ഷിക്കെതിരേ പോലിസ് കളളക്കേസ് ചുമത്തുകയായിരുന്നുവെന്നാണ് ജഹാന്റെ അഭിഭാഷകന്‍ പ്രദീപ് തിയോതിയ വാദിച്ചത്. ഡല്‍ഹി കലാപവുമായി ബന്ധിപ്പിക്കാവുന്ന ഒരു തെളിവുപോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി അത് അംഗീകരിച്ച് ജാമ്യം അനുവദിച്ചു. അപ്പോഴേക്കും ഹൈസെക്യൂരിറ്റി ജയിലില്‍ അവരുടെ ജീവിതം 2 വര്‍ഷം കഴിഞ്ഞിരുന്നു. തനിക്കെതിരേ കളളക്കേസാണ് ചുമത്തിയതെന്ന് ജഹാന്‍ പറയുന്നു. സിഎഎ വിരുദ്ധ മുന്നേറ്റം ജനാധിപത്യപമായാണ് നടന്നതെന്നും അവര്‍ പറഞ്ഞു.
കേസിലുടനീളം പോലിസ് അവരെ തീവ്രവാദിയായാണ് ചിത്രീകരിച്ചത്. അന്വേഷണ സമയത്ത് അവര്‍ മാനസിക പീഡനത്തിനും ഇരയായി.
തെറ്റായ ഒരു കേസുണ്ടാക്കി അതില്‍ ഒതുക്കാനാണ് പോലിസ് ശ്രമിച്ചത്. ചില വ്യക്തികളുമായി ബന്ധിപ്പിക്കാനും ശ്രമിച്ചു. കുറ്റസമ്മത മൊഴിക്കുവേണ്ടിയും ശ്രമങ്ങള്‍ നടന്നു. ''എന്റെ കുടുംബം ഭരണഘടനയില്‍ വിശ്വസിക്കാനാണ് പഠിപ്പിച്ചത്. പഠിച്ചതും നിയമം. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല''- അവര്‍ പറഞ്ഞു.
ജയിലിലും ജഹാന്‍ കനത്ത വിവേചനത്തിന് വിധേയയായി. കനത്ത നിരീക്ഷണത്തിലാണ് കഴിഞ്ഞുകൂടിയത്. ജയിലില്‍ അവരെ ജോലി ചെയ്യിപ്പിച്ചില്ല. ഒരു നിമിഷം പോലും സ്വതന്ത്രയാക്കിയുമില്ല.
കൊറോണകാലം ഏറെ വേദനാജനകമായിരുന്നു. ലോക്ക് ഡൗണ്‍ കാരണം ആരെയും കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. മാസങ്ങളോളം ബന്ധുക്കളുടെ മുഖം കാണാതെ കഴിഞ്ഞുകൂടേണ്ടിവന്നു. പൂര്‍ണമായ ഒറ്റപ്പെടലായിരുന്നു. രണ്ടാഴ്ച ഏകാന്ത തടവില്‍ പാര്‍പ്പിക്കും. അങ്ങനെ ഏഴ് തവണ. അത് ഭയാനക കാലമായിരുന്നുവത്രെ. വിശപ്പ് എന്താണെന്ന് അവിടെനിന്നാണ് പഠിച്ചത്. വേര്‍പെടലിന്റെ വേദനയും മനസ്സിലാക്കി.
ജഹാന്‍ ജയിലിലായിരുന്ന സമയത്ത് കുടുംബത്തെയും പോലിസ് വെറുതെ വിട്ടില്ല. ആവോളം ബുദ്ധിമുട്ടിച്ചു.
2020 ജൂണില്‍ വിവാഹം കഴിക്കാന്‍ ജഹാന് 10 ദിവസത്തെ ജാമ്യം അനുവദിച്ചു. പക്ഷേ, ആറാം ദിവസം ജയിലിലേക്ക് മടങ്ങേണ്ടിവന്നു.
'ഞങ്ങള്‍ എല്ലാവരും കണ്ണീരിലായിരുന്നു. വിവാഹം എന്നതിനര്‍ത്ഥം നിങ്ങള്‍ ഒരു പുതിയ കുടുംബം, പുതിയ ജീവിതം, പുതിയ ആളുകള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കുന്നുന്നുവെന്നാണ്. അവരുടെ ഇടയില്‍ ഇരുന്ന് അവരോട് സംസാരിക്കാം. പക്ഷേ എനിക്ക് അത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല- അവര്‍ പറഞ്ഞു.
തന്റെ ഭാര്യ കടന്നുപോയ പീഡനങ്ങള്‍ ആര്‍ക്കുമുണ്ടാവല്ലെയെന്ന് ജഹാന്റെ ഭര്‍ത്താവ് ഫര്‍ഹാന്‍ ഹാഷ്മി പ്രാര്‍ത്ഥിക്കുന്നു.
ജയിലിലും വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അവിടെ പലര്‍ക്കും അഭിഭാഷകരുടെ സേവനം ലഭിച്ചില്ല. അതിന് മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നു. പലര്‍ക്കും ഭക്ഷണവും വസത്രവും ഇല്ലായിരുന്നു- ജഹാന്‍ പറഞ്ഞു.