യുഎപിഎ ചുമത്തപ്പെട്ട് തടവറയില്‍, ജാമ്യത്തിലിറങ്ങി മണവാട്ടിയായി; മധുവിധു തീരുംമുമ്പ് ഇശ്‌റത്തിനു ജയിലിലെത്തണം

ഇശ്‌റത്ത് ജഹാന്റെയോ ഭര്‍ത്താവ് ഫര്‍ഹാന്‍ ഹാഷ്മിയുടെയോ കുടുംബാംഗങ്ങളുടെയോ മുഖത്ത് നിരാശയുടെ ലാഞ്ജന പോലുമില്ല. 'കഴിഞ്ഞ ഏഴര വര്‍ഷമായി ഞാന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് അവളെ (ഇശ്‌റത്ത് ജഹാന്‍) ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, ഞങ്ങളുടെ വിവാഹത്തില്‍ എത്രപേര്‍ പങ്കെടുക്കുന്നു എന്നത് പ്രശ്‌നമല്ല'-പ്രിയതമ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫര്‍ഹാന്‍ ഹാഷ്മി ഇശ്‌റത്തിനു പൂര്‍ണ പിന്തുണയുമായുണ്ട്.

Update: 2020-06-13 17:45 GMT

ന്യൂഡല്‍ഹി: മണിയറയില്‍ നിന്ന് യുദ്ധക്കളത്തിലേക്കു പോയ പ്രവാചക അനുചരന്‍മാരുടെ വീരചരിതം നാമെത്രയോ കേട്ടിട്ടുണ്ട്. അസ്ഥിത്വം ചോദ്യംചെയ്യപ്പെടുമ്പോള്‍ സ്വന്തം താല്‍പര്യങ്ങളേക്കാള്‍ ആദര്‍ശത്തിനു വേണ്ടി പടപൊരുതിയ ധീരന്‍മാരും നിരവധിയാണ്. അത്തരത്തിലൊരു ധീരവനിതയുടെ നിരയിലേക്കാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ ഇശ്‌റത്ത് ജഹാന്റെ പേരും ഇനിയുണ്ടാവുക. യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ, വെറും 10 ദിവസത്തെ ഇടക്കാല ജാമ്യത്തിലിറങ്ങി വെള്ളിയാഴ്ച വിവാഹിതയായ ഇശ്‌റത്ത് ജഹാന് പ്രിയതമനൊപ്പം കഴിയാന്‍ വെറും ആറു ദിവസം മാത്രമാണിനി ലഭിക്കുക. അതിനു ശേഷം വീണ്ടും ജയിലിലേക്കു തന്നെ തിരിച്ചുപോവണം. തെരുവുകലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ഹിന്ദുത്വ നേതാക്കള്‍ വിലസിനടക്കുമ്പോഴാണ് സുമംഗലിയായി മധുവിധു ആഘോഷിക്കും മുമ്പേ ഇശ്‌റത്തിനു വീണ്ടും ഇരുമ്പഴികള്‍ക്കുള്ളിലേക്കു പോവേണ്ടി വരുന്നത്.

   


    എന്നാല്‍, ഇശ്‌റത്ത് ജഹാന്റെയോ ഭര്‍ത്താവ് ഫര്‍ഹാന്‍ ഹാഷ്മിയുടെയോ കുടുംബാംഗങ്ങളുടെയോ മുഖത്ത് നിരാശയുടെ ലാഞ്ജന പോലുമില്ല. 'കഴിഞ്ഞ ഏഴര വര്‍ഷമായി ഞാന്‍ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് അവളെ (ഇശ്‌റത്ത് ജഹാന്‍) ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, ഞങ്ങളുടെ വിവാഹത്തില്‍ എത്രപേര്‍ പങ്കെടുക്കുന്നു എന്നത് പ്രശ്‌നമല്ല'-പ്രിയതമ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫര്‍ഹാന്‍ ഹാഷ്മി ഇശ്‌റത്തിനു പൂര്‍ണ പിന്തുണയുമായുണ്ട്. വെള്ളിയാഴ്ച പ്രീത് വിഹാറിലെ വസതിയിലായിരുന്നു വിവാഹം. ലോക്ക് ഡൗണ്‍ കാരണം 25 ഓളം പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

   


    ചുവപ്പും സ്വര്‍ണനിറവുമുള്ള ലെഹംഗയണിഞ്ഞ് മണവാട്ടിയായി നില്‍ക്കുന്ന ഇശ്‌റത്തിനു ചുറ്റും അമ്മായിമാരുമുണ്ട്. കൈകളില്‍ മൈലാഞ്ചി മൊഞ്ച് തെളിഞ്ഞുകാണാം. 'ഈ വേദനാജനകമായ ദിവസങ്ങളില്‍ ഫര്‍ഹാന്‍ എന്റെ കരുത്താണ്. എന്റെ അഭാവത്തില്‍ എന്നോടും കുടുംബത്തോടും ഒപ്പം നിന്ന അദ്ദേഹത്തെ ഭര്‍ത്താവായി ലഭിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദിയുള്ളവളനാണ്. പ്രത്യേകിച്ചും കുടുംബത്തിന് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരികയും ഭാവിയില്‍ ഉണ്ടാവാനിടയുള്ള അനിശ്ചിതത്വം പരിഗണിക്കുമ്പോള്‍. അദ്ദേഹം എന്റെ കൂടെ നില്‍ക്കുകയും നൂറു ശതമാനം എന്നോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്തത് ഏറെ ആശ്വാസവും അനുഗ്രഹവുമാണെന്ന് അഭിഭാഷക കൂടിയായ ഇശ്‌റത്ത് ജഹാന്‍ പറഞ്ഞു.

   


    രാജ്യത്തെ പൗരന്‍മാരെ മതത്തിന്റെ പേരില്‍ ആട്ടിയോടിക്കാനായി ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്തിന്റെ തെരുവീഥികള്‍ പ്രതിഷേധാഗ്നിയായി മാറിയപ്പോള്‍, അതില്‍ പങ്കാളിയാവുകയോ നേതൃപരമായ പങ്ക് വഹിക്കുകയോ ചെയ്തതിന്റെ പേരിലാണ് ഡല്‍ഹി പോലിസ് ഇശ്‌റത്ത് ജഹാനെതിരേ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പോലിസ് യുഎപിഎ ചുമത്തി ജയിലിലടച്ചത്.

   


    ഷാഹീന്‍ബാഗ് മാതൃകയില്‍ വീട്ടമ്മമാരെ അണിനിരത്തി സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് ഫെബ്രുവരി 26ന് ഖുറേജിയിലെ സിഎഎ വിരുദ്ധ പ്രതിഷേധ സ്ഥലത്തുനിന്ന് ഇശ്‌റത്ത് ജഹാനെ പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ജഗത്പുരി പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ നമ്പര്‍ 44/2020 പ്രകാരം അറസ്റ്റ് ചെയ്തു. കേസില്‍ മാര്‍ച്ച് 21ന് ജാമ്യം ലഭിച്ചെങ്കിലും അതേ ദിവസം തന്നെ യുഎപിഎ എന്ന ഭീകരനിയമം ചുമത്തി 59/2020 എഫ്‌ഐആര്‍ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്തു. വിവാഹ തിയ്യതി അടുത്തെത്തിയതോടെ ഇശ്‌റത്ത് ജഹാന്റെ അഭിഭാഷകന്‍ ഇടക്കാല ജാമ്യം തേടി കോടതിയെ സമീപിച്ചു. മെയ് 30നാണ് വിവാഹിതയാവാന്‍ ഡല്‍ഹി കോടതി 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. വിവാഹമായതിനാല്‍ 30 ദിവസത്തെ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി കനിഞ്ഞില്ല. 2020 ജൂണ്‍ 12ന് കല്യാണം നടത്താന്‍ 2018ല്‍ തന്നെ നിശ്ചയിച്ചതാണെന്ന് അഡ്വ. എസ് കെ ശര്‍മ കോടതിയില്‍ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ജൂണ്‍ 19വരെയാണു ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയ ഇശ്‌റത്ത് നേരെ ഡല്‍ഹിയിലെ വീട്ടിലേക്കാണു പോയത്.

    ഇശ്‌റത്ത് ജഹാന് പുറമേ ഗുലിഫ്ഷാ ഖാത്തൂന്‍, മൂന്നുമാസം ഗര്‍ഭിണിയായ ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി കോ-ഓഡിനേറ്റര്‍ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടനാ ഭാരവാഹി ഷിഫാ ഉര്‍ റഹ്മാന്‍, ആക്റ്റിവിസ്റ്റ് ഖാലിദ് സെയ്ഫി, എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസയ്ന്‍, ജെഎന്‍യു വിദ്യാര്‍ഥികളായ നടാഷ നര്‍വാല്‍, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് തുടങ്ങിയവര്‍ക്കെതിരേയും ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.




Tags:    

Similar News