'ഭാരതം നിങ്ങളുടെയും അമ്മയല്ലേ? 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവര്‍ സദസ്സ് വിട്ട് പോവണം'; ക്ഷോഭിച്ച് കേന്ദ്രമന്ത്രി

സദസ് ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറവെന്ന് പറഞ്ഞ മന്ത്രി വീണ്ടും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Update: 2024-02-03 09:55 GMT

കോഴിക്കോട്: സദസ്സിലുള്ളവര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തതില്‍ പ്രകോപിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന യൂത്ത് കോണ്‍ക്ലേവിലാണ് മന്ത്രി സദസ്സിനോട് ക്ഷോഭിച്ചത്. 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവര്‍ സദസ്സ് വിട്ട് പോവണമെന്നും മന്ത്രി നീരസത്തോടെ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് മന്ത്രി മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് വിളിച്ചത്. സദസ്സിലുള്ള ചിലര്‍ ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറവെന്ന് പറഞ്ഞ മന്ത്രി വീണ്ടും ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മന്ത്രി മീനാക്ഷി ലേഖി വീണ്ടും മുദ്രാവാക്യം ആവര്‍ത്തിച്ചെങ്കിലും സദസ്സിലെ ചിലര്‍ ഏറ്റുവിളിച്ചില്ല. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു. ഭാരതം നിങ്ങളുടെ കൂടെ അമ്മയല്ലേ. ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് സദസ്സ് വിട്ടു പോകാം എന്നായിരുന്നു മന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചത്. രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാന്‍ പോലും മടിയുള്ളവരുണ്ടെന്നും അത്തരക്കാരാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് നാഷനല്‍ യൂത്ത് ഡേ സെലിബ്രേഷന്‍ കമ്മിറ്റി, ഖേലോ ഭാരത്, തപസ്യ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.

Tags:    

Similar News