സാങ്കേതികപ്പിഴവ്; ലഡാക്കിനെ ചൈനയുടെ ഭാഗമാക്കിയതില്‍ മാപ്പ് പറഞ്ഞ് ട്വിറ്റര്‍
നവംബര്‍ 30 നകം തെറ്റുതിരുത്താമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ട്വിറ്റര്‍ ഉറപ്പുനല്‍കിയതായി മീനാക്ഷി ലേഖി അറിയിച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി ജിയോ ടാഗ് ചെയ്തതിന് ട്വിറ്റര്‍ ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയന്‍ കരിയന്‍ ഒപ്പിട്ട സത്യവാങ്മൂലത്തിലാണ് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്താന്‍ ഇടയായ സാഹചര്യത്തിന് അവര്‍ മാപ്പുപറഞ്ഞതെന്ന് മീനാക്ഷി ലേഖി പിടിഐയോട് പറഞ്ഞു.
ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിനെയും തലസ്ഥാന പട്ടണമായ ലേയെയും ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ചതില്‍ മാപ്പ് പറഞ്ഞ് ട്വിറ്റര്‍. ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി ചെയര്‍പേഴ്സന്‍ മീനാക്ഷി ലേഖിയാണ് ട്വിറ്റര്‍ രേഖാമൂലം മാപ്പ് പറഞ്ഞ കാര്യം വ്യക്തമാക്കിയത്. നവംബര്‍ 30 നകം തെറ്റുതിരുത്താമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് ട്വിറ്റര്‍ ഉറപ്പുനല്‍കിയതായി മീനാക്ഷി ലേഖി അറിയിച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി ജിയോ ടാഗ് ചെയ്തതിന് ട്വിറ്റര്‍ ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയന്‍ കരിയന്‍ ഒപ്പിട്ട സത്യവാങ്മൂലത്തിലാണ് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്താന്‍ ഇടയായ സാഹചര്യത്തിന് അവര്‍ മാപ്പുപറഞ്ഞതെന്ന് മീനാക്ഷി ലേഖി പിടിഐയോട് പറഞ്ഞു.
തെറ്റായ ജിയോ ടാഗിങ്ങാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ പിശകും അപൂര്‍ണമായ ഡാറ്റയും തെറ്റായ ജിയോ ടാഗിങ്ങുമാണ് പ്രശ്‌നത്തിനിടയാക്കിയത്. ജിയോ ടാഗ് പ്രശ്നം പരിഹരിക്കാന്‍ ഏതാനും ആഴ്ചകളായി പരിശ്രമിച്ചുവരികയാണ്. ഈവര്‍ഷം നവംബര്‍ 30 നകം തെറ്റുതിരുത്തും. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതിനും ജനവിശ്വാസം ആര്‍ജിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിലും ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണ്. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെ ഞങ്ങളുടെ സംഘം മന്ത്രാലയവുമായി ഇടപഴകുന്നത് തുടരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞമാസം നടത്തിയ ലൈവ് ബ്രോഡ്കാസ്റ്റിലാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ഏറ്റവും വലിയ പട്ടണമായ ലേയെ ചൈനയുടെ ഭാഗമെന്ന നിലയില്‍ ട്വിറ്റര്‍ കാണിച്ചത്.
വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി ഉടന്‍ ഇടപെടുകയും ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതിന് കമ്പനിയില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇത് രാജ്യദ്രോഹവും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ക്രിമനല്‍ കുറ്റവുമാണെന്നും ഇക്കാര്യത്തില്‍ ട്വിറ്റര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഐടി മന്ത്രാലയവും കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് ട്വിറ്റര്‍ സിഇഒയ്ക്ക് കത്തയച്ചിരുന്നു. ഒക്‌ടോബര്‍ 28ന് നല്‍കിയ കത്തിന് ട്വിറ്റര്‍ നേരത്തെ നല്‍കിയ വിശദീകരണം അപര്യാപ്തമാണെന്ന് സമിതി ഏകകണ്ഠമായി വ്യക്തമാക്കിയിരുന്നു. ട്വിറ്റര്‍ തുടരുന്ന നയത്തെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു. ഇതിന് പിന്നാലെയാണ് വിശദമായ സത്യവാങ്മൂലവും ക്ഷമാപണവും ട്വിറ്റര്‍ നടത്തിയിരിക്കുന്നത്. തെറ്റായ ജിയോ ടാഗിങ്ങിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ നേരിട്ടത്.