മൃതദേഹങ്ങളെ പോലും വെറുതെ വിടാതെ ഇസ്രായേല്‍; കെട്ടിടത്തിന്റെ മുകളില്‍ നിന്നു വലിച്ചെറിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
വെസ്റ്റ് ബാങ്കിലെ ഖബാതിയ നഗരത്തില്‍ വ്യാഴാഴ്ച നടത്തിയ ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയാണ് സൈനികര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചവിട്ടിയും തള്ളിയും താഴേക്ക് എറിയുന്നത്.
തെല്‍ അവീവ്: ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ സൈനികര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വലിച്ചെറിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. വെസ്റ്റ് ബാങ്കിലെ ഖബാതിയ നഗരത്തില്‍ വ്യാഴാഴ്ച നടത്തിയ ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയാണ് സൈനികര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചവിട്ടിയും തള്ളിയും താഴേക്ക് എറിയുന്നത്.
ഫലസ്തീനികളുടെ മൃതദേഹങ്ങളോട് വളരെ ക്രൂരമായിട്ടാണ് ഇസ്രായേല്‍ സൈന്യം പെരുമാറുന്നതെന്നും വലിയ തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടങ്ങളില്‍ അരങ്ങേറുന്നതെന്നും ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ അല്‍ഹഖിന്റെ ഡയറക്ടര്‍ ഷവാന്‍ ജബറിന്‍ പറഞ്ഞു.
വ്യാഴാഴ്ച ഒരു സൈനിക ബുള്‍ഡോസറിന്റെ അകമ്പടിയോടെ ഇസ്സാത്ത് അബു അല്‍റബ് സ്‌കൂളിന്റെ മുന്‍വശത്തേക്ക് ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം സ്‌കൂളിനും ചുറ്റും വെടിയുതിര്‍ക്കുകയായിരുന്നു. വിദ്യാഭ്യാസ ഡയറക്ടറേറ്റിനുള്ളിലെ 1,200 വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഉപരോധിച്ചു. തുടര്‍ന്നാണ് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വികൃതമാക്കി വലിച്ചെറിഞ്ഞത്.
ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകളും വംശഹത്യയും അധിനിവേശത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ''രക്തസാക്ഷികളുടെ മൃതദേഹം വികൃതമാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഹീനമായ കുറ്റകൃത്യമാണ്. ഇത് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ സംഘടനകളും ശക്തമായി അപലപിക്കേണ്ടതാണ്. ഗസയിലും വെസ്റ്റ് ബാങ്കിലും നടന്ന ഈ ഭീകരമായ കുറ്റകൃത്യങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ഈ ഫാഷിസ്റ്റ് അധിനിവേശത്തിന് നമ്മുടെ ജനങ്ങളെ കൊന്നൊടുക്കാന്‍ ഒരു മടിയുമില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്'' ഹമാസ് വ്യക്തമാക്കി.