വെസ്റ്റ്ബാങ്കില്‍ 18 ഫലസ്തീനി വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു
തലമുറകളായി പ്രദേശത്ത് താമസിക്കുന്നവരെയാണ് ഇസ്രായേല്‍ സൈന്യം ഒഴിപ്പിച്ചത്. ഒരേ സമയം നിരവധി വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു അതിക്രമം.
വെസ്റ്റ്ബാങ്ക്: വെസ്റ്റ്ബാങ്കിലെ വടക്കന്‍ ഗ്രാമമായ ഖിര്‍ബെറ്റ് ഹംസയില്‍ ഫലസ്തീനികളുടെ 18 വീടുകള്‍ ഇസ്രായേല്‍ സൈന്യം തകര്‍ത്തു. 41 കുട്ടികള്‍ ഉള്‍പ്പടെ 74 പേര്‍ ഇതോടെ ഭവനരഹിതരായി. എര്‍ത്ത്മൂവറും ബുള്‍ഡോസറുമായി ഇരച്ചെത്തിയ സൈന്യം വെറും 10 മിനുട്ട് മാത്രമാണ് ഒഴിഞ്ഞുപോകാന്‍ സമയം നല്‍കിയതെന്ന് ഭവനരഹിതരായ അബ്ദുല്‍ഗാനി എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പോര്‍ട്ടബിള്‍ ടോയ്ലറ്റുകള്‍, കുടിവെള്ള സംഭരണികള്‍, സോളാര്‍ പാനലുകള്‍ എന്നിവയെല്ലാം ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
''ഖിര്‍ബെറ്റ് ഹംസയിലെ പൗരന്മാരെ അവരുടെ വീടുകളില്‍ നിന്നും ദേശങ്ങളില്‍ നിന്നും നാടുകടത്താനുള്ള'' ഇസ്രയേല്‍ സൈനികരുടെ ശ്രമത്തിനെതിരെ ഇടപെടണമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തലമുറകളായി പ്രദേശത്ത് താമസിക്കുന്നവരെയാണ് ഇസ്രായേല്‍ സൈന്യം ഒഴിപ്പിച്ചത്. ഒരേ സമയം നിരവധി വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു അതിക്രമം.
യുഎന്‍ കണക്കനുസരിച്ച് വെസ്റ്റ്ബാങ്കില്‍ 60,000ത്തോളം ഫലസ്തീനികളുണ്ട്, എന്നാല്‍ 90 ശതമാനം ഭൂമിയും ഏരിയ സി എന്നറിയപ്പെടുന്നതിന്റെ ഭാഗമാണ്, വെസ്റ്റ് ബാങ്കിന്റെ അഞ്ചില്‍ മൂന്നും ഇസ്രായേല്‍ നിയന്ത്രണത്തിലാണ്. സൈനിക പ്രദേശങ്ങളും 12,000ത്തോളം ഇസ്രായേലികള്‍ താമസിക്കുന്ന 50 ഓളം കാര്‍ഷിക വാസസ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇസ്രായേല്‍ സൈനിക നടപടിയില്‍ ഈ വര്‍ഷം മാത്രം 800 ഓളം ഫലസ്തീനികള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം 677 പേര്‍ക്കും 2018 ല്‍ 387 പേര്‍ക്കും ഇത്തരത്തില്‍ സൈനിക അതിക്രമം നേരിടേണ്ടിവന്നു.