ഗസയില്‍ അധിനിവേശം നടത്തിയ ഇസ്രായേലി സൈനികന് നേരെ ആക്രമണം; സംഭവം തായ്‌ലാന്‍ഡില്‍
ബാങ്കോക്ക്: ഗസയില്‍ അധിനിവേശം നടത്തിയ ഇസ്രായേലി സൈനികനെ തായ്‌ലാന്‍ഡില്‍ വച്ച് ഒരു സംഘം ആക്രമിച്ചു. ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനിടെ ലഭിച്ച അവധി ആഘോഷിക്കാന്‍ തായ്‌ലാന്‍ഡില്‍ എത്തിയ തന്നെ ഒരു ജര്‍മന്‍ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സൈനികന്‍ പറഞ്ഞു.
''എന്നെ കണ്ടപ്പോള്‍ തന്നെ ജര്‍മന്‍ സംഘം അടുത്തുവന്നു. എവിടെ നിന്നാണ് വരുന്നതെന്ന് അവര്‍ ചോദിച്ചു. ഇസ്രായേലില്‍ നിന്നാണെന്ന് പറഞ്ഞയുടന്‍ അവര്‍ എന്റെ മുഖത്ത് ഇടിച്ചു. നിലത്ത് വീണ എന്നെ ചവിട്ടിക്കൂട്ടി.''-22 കാരനായ ഇസ്രായേലി സൈനികന്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് തായ്‌ലാന്‍ഡിലെയും ദക്ഷിണേഷ്യയിലെയും ഹോട്ടലുകളും റസ്റ്ററന്റുകളും പൊതുസ്ഥലങ്ങളും ഒഴിവാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ജൂതന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഗസയില്‍ നടത്തുന്ന ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ശീലം ഇസ്രായേലി സൈനികര്‍ക്കുണ്ട്. ഇത് ലോകരാജ്യങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതിനാല്‍, ജൂതന്മാരാണെന്നോ ഇസ്രായേലികളാണെന്നോ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യവും ചെയ്യരുതെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ജൂതന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.