തമിഴ്‌നാടിനെ രണ്ടാക്കി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപോര്‍ട്ട്

തമിഴ്‌നാട് വിഭജിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്

Update: 2021-07-11 00:57 GMT
ചെന്നൈ: തമിഴ്‌നാടിനെ രണ്ടുസംസ്ഥാനമായി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി തമിഴ് പത്രം റിപോര്‍ട്ട് ചെയ്തു. എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായ കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാനാണ് നീക്കം നടത്തുന്നതെന്നാണ് ശനിയാഴ്ച തമിഴ് പത്രം വാര്‍ത്ത പുറത്തുവിട്ടത്.


കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാടിന് കീഴില്‍ നിലവില്‍ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യമെന്നു പറയുന്നു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് സാധ്യതയെന്നും വാര്‍ത്തയിലുണ്ട്.


കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അധികാരമേറ്റശേഷം കേന്ദ്ര സര്‍ക്കാരിനെ 'ഒന്‍ട്രിയ അരശ്' (യൂണിയന്‍ സര്‍ക്കാര്‍) എന്ന് വിളിക്കാന്‍ തുടങ്ങിയതുള്‍പ്പെടെ പല വിഷയങ്ങളിലും ഡിഎംകെ. സര്‍ക്കാരുമായി ബിജെപിക്കു ഭിന്നതയുണ്ട്.


തമിഴ്‌നാട് വിഭജിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തമിഴ്‌നാടിനെ രണ്ടുസംസ്ഥാനമായി വിഭജിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായ വാര്‍ത്ത ശറിയാണെങ്കില്‍ ഇതിനെതിരേ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്ന് സിപിഎം തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു.




Tags:    

Similar News