ചക്ക: ചെറുകിട സംരംഭകര്‍ക്ക് പരിശീനവും സാങ്കേതികവിദ്യയും നല്‍കണമെന്ന് ആവശ്യം

Update: 2020-12-17 14:13 GMT

മാള: ചക്ക സംസ്ഥാനത്ത് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുവെങ്കിലും അതിന്റെ ഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതിന് പരിശീലനവും സാങ്കേതിക സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് ഉണ്ടാകുന്ന നാല്‍പത് ശതമാനം ചക്കയും തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. ഇതില്‍ നിന്നും തുച്ഛമായ വരുമാനമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. 

കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ രണ്ട് വര്‍ഷം മുന്‍പാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനമല്ലാതെ കാര്യമായൊന്നും നടന്നില്ല. 30 കോടി മുതല്‍ 60 കോടി വരെ ചക്ക ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ 30 ശതമാനവും നശിച്ചുപോകുകയാണ്. ഇതേകദേശം 600 കോടിയുടെ നഷ്ടം ഉണ്ടാക്കുന്നു. വാണിജ്യപരമായി ഉപയോഗപ്പെടുത്തിയാല്‍ മുപ്പതിനായിരം കോടി രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കേരളത്തിലെ തനത് പ്ലാവിനങ്ങളെക്കൂടാതെ വിയറ്റ്‌നാം പോലുള്ളയിടങ്ങളില്‍ നിന്നും ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്നതും അധികം പൊക്കം വെക്കാത്തതുമായ പ്ലാവിനങ്ങളെത്തുന്നുണ്ട്. തനതിനങ്ങളേക്കാള്‍ കൂടുതല്‍ തൈകള്‍ പറമ്പുകളില്‍ വെക്കാമെന്നതും കൂലിക്ക് ആളെ വെക്കാതെ തന്നെ മരത്തില്‍ നിന്നും എളുപ്പത്തില്‍ പറിച്ചെടുക്കാമെന്നതിനാലും ഇത് വലിയ ബിസിനസ്സായി മാറിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ ഒരു ഫാക്ടറി സജ്ജമാക്കിയിട്ടുണ്ട്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞെങ്കിലും നിലവില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുകയാണ്. ഈ അവസ്ഥ മാറണമെന്നാണ് ആവശ്യം.

ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോകവിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയും.

Similar News