ഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന്‍ സിസിടിവി കാമറയില്‍ കുടുങ്ങി

മോഷ്ടാവ് സഞ്ചിയും കവറുമെടുത്ത് സിസിടിവി ക്യാമറ മറയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല

Update: 2024-11-26 17:55 GMT

വിഴിഞ്ഞം: ഉച്ചക്കട ചേന നട്ടവിളയില്‍ ശിവശക്തി ക്ഷേത്രത്തില്‍ സ്ഥിരമായി മോഷണം നടത്തി വന്ന കള്ളന്‍ പിടിയില്‍. ക്ഷേത്രത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അഞ്ചുതവണ മോഷണം നടത്തിയ മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65)യാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അവസാനത്തെ മോഷണം.


ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിളക്കുകള്‍ ഉള്‍പ്പെട്ട സാധനങ്ങള്‍ നിരന്തരം മോഷണം പോയതോടെ പൊറുതിമുട്ടിയ ക്ഷേത്രം അധികൃതര്‍ ഓഫീസിലും ക്ഷേത്രവളപ്പിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ ക്ഷേത്രത്തിലെ ഓഫീസിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ കളളന്‍ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് കണ്ട് പകച്ചു. തുടര്‍ന്ന് മോഷ്ടാവ് അവിടെയുണ്ടായ സഞ്ചിയും കവറുമെടുത്ത് സിസിടിവി ക്യാമറ മറയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതടക്കമുളള ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുപയോഗിച്ച് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണവുമായി രക്ഷപ്പെടുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ പോലിസ് നിസാരമായി പിടികൂടുകയായിരുന്നു.

Similar News