പത്തനംതിട്ടയില്‍ കായികതാരത്തെ 64 പേര്‍ പീഡിപ്പിച്ച കേസ്; ഒമ്പത് പേര്‍ കൂടി അറസ്റ്റില്‍
പത്തനംതിട്ട: ജില്ലയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ച കേസില്‍ ഒമ്പത് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഇന്ന് അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര്‍ഥിയും ഒരാഴ്ച മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ വ്യക്തിയും മീന്‍ കച്ചവടം നടത്തുന്ന സഹോദരങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പ്രതികളില്‍ പലരും ഒളിവിലാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
64 പേര്‍ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. ഇതില്‍ 62 പേരെയും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം പീഡിപ്പിച്ചത് ആണ്‍സുഹൃത്താണ്. പതിമൂന്നാം വയസ്സിലായിരുന്നു ഇത്. പീഡനദൃശ്യങ്ങള്‍ സുഹൃത്ത് തന്റെ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയുമാണ് ആണ്‍സുഹൃത്തിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പോലിസ് പറയുന്നത്. മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചുകൊണ്ടുപോയി വരെ കൂട്ടമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
പെണ്‍കുട്ടിക്ക് അറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്‌കൂളില്‍വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്‌കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാംപില്‍ വച്ചും പീഡനത്തിന് ഇരയായി. വിഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. ഇലവുംതിട്ട പോലിസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
പല സ്ഥലങ്ങളില്‍വച്ച് നടന്ന പീഡനമായതിനാല്‍ അതാത് പോലിസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ് തീരുമാനം. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. പത്തനംതിട്ട പോലിസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കാത്ത രീതിയിലാണ് മൊഴിയെടുക്കുന്നത്. ആവശ്യമായ കൗണ്‍സിലിങ്ങും നല്‍കുന്നുണ്ട്.
പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്.സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ജില്ലാ പോലിസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു.പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സിഡബ്ല്യുസി വഴി പോലിസിന് ലഭിച്ചത്. കായിക താരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്തവരില്‍ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം.
അതേസമയം,പത്തനംതിട്ട ജില്ലക്ക് പുറത്തും പ്രതികളുണ്ടാകുമെന്നും. 13 വയസ് മുതല്‍ കൂട്ടി ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.അസാധാരണ സംഭവം എന്ന നിലയില്‍ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ട് കൂടുതല്‍ വിശദമായ കൗണ്‍സിലിങ് നടത്തുകയായിരുന്നു. ആളുകളെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. അച്ഛന്റെ ഫോണില്‍ പലരുടെയും ഫോണ്‍ നമ്പറുകള്‍ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. ഐടിഐയില്‍ പഠിക്കുന്നവരുടെ പേരുകള്‍ അത്തരത്തില്‍ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്. പോലിസിന്റെ അന്വേഷണം കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പോലിസ് മേധാവിക്ക് വിവരങ്ങള്‍ കൈമാറിയത്. പല സ്റ്റേഷനുകളിലായിട്ടാണ് അന്വേഷണമെന്നും പ്രതികളെ പിടികൂടാനാകുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജീവ് പറഞ്ഞു.