ജഹാന്‍ഗീര്‍പുരി സംഘര്‍ഷം: പോലിസിന്റെ കള്ളക്കളി പുറത്ത്; ഒന്നാം പ്രതി സംഭവസ്ഥലത്തില്ലാതിരുന്ന 16കാരന്‍, പോലിസ് രേഖകളില്‍ 22 വയസ്സ്

Update: 2022-04-17 11:41 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാന്‍ഗീര്‍പുരി പ്രദേശത്ത് ഹനുമാന്‍ ജയന്തി റാലിയുടെ ഭാഗമായി ഹിന്ദുത്വര്‍ നടത്തിയ ആക്രമണളുടെ പേരില്‍ അറസ്റ്റിലായ മുഴുവന്‍ പേരും മുസ് ലിംകള്‍. ശനിയാഴ്ചയാണ് ഹിന്ദുത്വര്‍ പള്ളിയ്ക്കുമുകളില്‍ കാവിപ്പതാക കെട്ടാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ പോലിസ് തയ്യാറാക്കിയ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് പതിനാറ്കാരനെന്നും ദി വയര്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ പോലിസ് രേഖകളില്‍ കുട്ടിയുടെ വയസ്സ് 22 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ മകന്‍ സംഭവം നടക്കുമ്പോള്‍ വീട്ടിലായിരുന്നുവെന്ന് കുടുംബം ആവര്‍ത്തിച്ചു.

ശനിയാഴ്ച ഹനുമാന്‍ ജയന്തിയുടെ ഭാഗമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ശോഭായാത്ര സംഘടിപ്പിച്ചത്. ജഹാന്‍ഗീര്‍പുരി മോസ്‌കിനു മുന്നില്‍ എത്തിയപ്പോള്‍ ഹിന്ദുത്വര്‍ പളളിയ്ക്കുമുകളില്‍ കാവിപ്പതാക കെട്ടാന്‍ തുടങ്ങി. വലിയ ശബ്ദത്തില്‍ പാട്ടും ഡാന്‍സും ഉണ്ടായതായി പ്രദേശവാസിയായ സല്‍മാന്‍ ഖാന്‍ പറഞ്ഞു.

പ്രദേശവാസികളായ കടയുടമകള്‍ ജനക്കൂട്ടത്തെ തടയാന്‍ ശ്രമിച്ചു. അതിനിടയില്‍ കുറേ സ്ത്രീകള്‍ മുന്നോട്ട് വന്ന് ജനക്കൂട്ടത്തോട് മാറിപ്പോവാന്‍ ആവശ്യപ്പെട്ടു. അത് സംഘര്‍ഷത്തില്‍ കലാശിച്ചു.

പോലിസ് സ്ഥലത്തെത്തി അവിടെയുണ്ടായിരുന്നവരെ ഒഴിപ്പിച്ചതോടെ പ്രശ്‌നം തീരുകയും ചെയ്തു.

അതിനിടയില്‍ കല്ലേറുണ്ടായി. ആരോ വെടിയുതിര്‍ത്തു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

സംഘര്‍ഷത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. എസ്‌ഐ ആയ മേധലാല്‍ മീനയ്ക്ക് പരിക്കേറ്റു. വെടിയേറ്റതാണെന്ന് പിന്നീട് മനസ്സിലായി.

റാലിയിലാണ് ആദ്യം സംഘര്‍ഷമുണ്ടായതെന്ന് ഖാനോടൊപ്പം നിന്നിരുന്ന ഗണേശ് പറഞ്ഞു.

സിപിഎം നേതാക്കളും പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വസ്തുതാന്വേഷണ സംഘം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. അവര്‍ പറയുന്നതനുസരിച്ച് ശനിയാഴ്ച രാവിലെത്തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇഫ്താര്‍ സമയത്ത് റാലി പള്ളിക്കുമുന്നില്‍ നിന്ന് നീങ്ങാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, പ്രകോപനപരമായ മുദ്രാവാക്യങ്ങളും വിളിച്ചു.

സിസിടിവി ഫൂട്ടേജില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു. എല്ലാവരും മുസ് ലിംകളാണ്.

ഇവര്‍ക്കെതിരേ ഐപിസി 147, 148, 149, 186, 353, 332, ആയുധനിയമം- വകുപ്പ് 27 തുടങ്ങിയ ചാര്‍ജുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.

മുഹമ്മദ് അസ് ലം എന്നയാള്‍ റാലിയിലെ അതിക്രമങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നമുണ്ടായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അസ് ലത്തിനെതിരേ കേസെടുത്തിട്ടുണ്ട്. പോലിസ് രേഖയനുസരിച്ച് അസ് ലം 22വയസ്സുള്ളയാളാണ്. എന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റ് അനുസരിച്ച് 16 വയസ്സേയുള്ളൂ.

എസ്‌ഐ മീണയെ വെടിവച്ചത് അസ് ലമാണ് എന്നാണ് പോലിസ് പറയുന്നത്. അസ് ലമില്‍നിന്ന് തോക്ക് പിടിച്ചെടുത്തതായും പോലിസ് അവകാശപ്പെടുന്നു.

സംഭവം നടക്കുമ്പോള്‍ അസ് ലം വീട്ടിലായിരുന്നുവെന്ന് സഹോദരി പറഞ്ഞു. സംഭവത്തിനിടയില്‍ വെടിയുതിര്‍ത്തെന്ന ആരോപണവും കുടുംബം നിഷേധിച്ചു.

അസ് ലമിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോള്‍ വസ്ത്രം ധരിക്കാന്‍ പോലും അനുവദിച്ചില്ല. മര്‍ദ്ദിക്കുകയും ചെയ്തു. ഇതുവരെ അറസ്റ്റ് ചെയ്ത എല്ലാവരും മുസ് ലിംകളാണ്.

പ്രദേശത്ത് സിആര്‍പിഎഫ്, ആര്‍എഎഫ്, തുടങ്ങിയ സംഘങ്ങളെ വിന്യാസിപ്പിച്ചു.

Tags:    

Similar News