ജഹാംഗീര്‍പുരി: കോടതി വിധി അറിയിച്ചിട്ടും പൊളിക്കല്‍ തുടര്‍ന്നു, നഷ്ടപരിഹാരം വേണമെന്ന് ബ്രിന്ദ കാരാട്ട്

Update: 2022-04-21 06:13 GMT

ന്യൂഡല്‍ഹി: അനധികൃത നിര്‍മാണം ആരോപിച്ച് മുസ് ലിം വീടുകളും സ്ഥാപനങ്ങളും നിയമവിരുദ്ധമായി ഇടിച്ചുതകര്‍ക്കുന്നതിനെതിരേ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. ജസ്റ്റിസ് എല്‍ എന്‍ റാവു, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. 

ഹനുമാന്‍ ജയന്തിയുടെ ഭാഗമായി ഹിന്ദുത്വര്‍ ജഹാംഗീര്‍പുരിയിലെ മുസ് ലിംകള്‍ക്കും പള്ളികള്‍ക്കും എതിരേ ആക്രമണം നടത്തി തൊട്ടടുത്ത ദിവസമാണ് അനധികൃതമായി വീടുകളും സ്ഥാപനങ്ങളും പോലിസ് തകര്‍ത്തത്. തകര്‍ക്കപ്പെട്ടതില്‍ ഒരു പള്ളിയുടെ കവാടവും ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസം മുസ് ലിം സംഘടന നല്‍കിയ ഹരജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടെങ്കിലും പൊളിക്കാന്‍ നേതൃത്വം നല്‍കിയ നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്‍ അനുസരിച്ചില്ല. ഉത്തരവ് കയ്യില്‍ കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. വീണ്ടും സുപ്രിംകോടതി ഇടപെട്ടതോടെയാണ് താല്‍ക്കാലികമായി പൊളിക്കല്‍ നിര്‍ത്തിവച്ചത്.

തന്റെ കക്ഷി സുപ്രിംകോടതി വിധി നേരിട്ട് കൈമാറിയിട്ടും പൊളിക്കല്‍ തുടര്‍ന്നുവെന്ന് സിപിഎം നേതാവ് ബ്രിന്ദ കാരാട്ടിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. അതുകൊണ്ട് നഷ്ടപരിഹാരം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. താന്‍ പ്രശ്‌നത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരികയല്ലെന്നും അവരുടെ അഭിഭാഷകന്‍ അറിയിച്ചു. 

എന്ത് ആശ്വാസ നടപടിയാണ് വേണ്ടെന്ന് കോടതി ആരാഞ്ഞു. 

പൊളിക്കല്‍ നടപടി ഒരു സമുദായത്തില്‍ മാത്രമായി ഒതുക്കി നിര്‍ത്തരുത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടരുത്. രാജ്യത്ത് നിയമവ്യവസ്ഥയുണ്ടെന്ന് കോടതി ഓര്‍മപ്പെടുത്തണം. പൊളിക്കല്‍ നിര്‍ത്തിവയ്ക്കണം- കബില്‍ സിബല്‍ പറഞ്ഞു. 

ഇതുപോലുള്ള എല്ലാ കയ്യേറ്റങ്ങളും നിര്‍ത്തവയ്ക്കാന്‍ പറയാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. ബുള്‍ഡോസര്‍ പൊളികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കബില്‍ സിബല്‍ പറഞ്ഞു. പൊളിക്കാന്‍ ബുള്‍ഡോസര്‍ വേണമല്ലോയെന്ന് കോടതി.

വാദം തുടരുന്നു.

Tags:    

Similar News