പിസി അബ്ദുല്ല
കോഴിക്കോട്: രാഹുല്‍ ജഹാംഗീര്‍പുരിയില്‍ പോകേണ്ടതായിരുന്നുവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. രാഹുലും പ്രിയങ്കയും ഏതു സാഹചര്യത്തിലാണ് ജഹാംഗീര്‍ പുരി സന്ദര്‍ശിക്കാതിരുന്നെന്ന് അറിയില്ല. മതനിരപേക്ഷ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്റേതെന്നും വര്‍ഗീയപ്രീണനമല്ല നടത്തേണ്ടതെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ് ഇനിയും പ്രവര്‍ത്തിക്കണം. കോണ്‍ഗ്രസിലാണ് മതന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ. മുസ് ലിം ലീഗിലെ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലും കുഞ്ഞാലിക്കുട്ടി നടത്തി. താന്‍ ഇനി പാര്‍ട്ടിയുടെ മുന്നില്‍ നില്‍ക്കില്ലെന്നും അറിയിച്ചു. 'ഏറ്റവും നല്ല സമയം കഴിഞ്ഞു, ഇനി ഏതെങ്കിലും ഒരു റോളില്‍ മാത്രം' കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നത് അപ്പോള്‍ തീരുമാനിക്കേണ്ട കാര്യമാണ്. പുതിയ പി കെ കുഞ്ഞാലിക്കുട്ടി ആരെന്ന് കാലം കണ്ടെത്തും. താന്‍ വളര്‍ന്ന പോലെ പാര്‍ട്ടിയില്‍ മറ്റൊരാള്‍ വരും. മുസ് ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗമാണ്. ലീഗ് മുന്നണി മാറുമോ എന്നത് ഇപ്പോള്‍ പ്രസക്തമല്ല. ഏതെങ്കിലും കാലത്ത് ലീഗ് എല്‍ഡിഎഫിന്റെ ഭാഗമാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ലീഗും സിപിഎമ്മും ചേര്‍ന്നാല്‍ മാത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാവില്ല. യുഡിഎഫ് ജനങ്ങളെ ആകര്‍ഷിക്കും വിധം മാറണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫില്‍ കുറെ കാര്യങ്ങള്‍ ശരിയാക്കാനുണ്ട്, സമവാക്യങ്ങള്‍ ശരിയാകേണ്ടതുമുണ്ട്. കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലേക്കു വരണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.