ജഹാംഗീര്‍പുരി: മുസ് ലിം സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കുന്നതിനെതിരേയുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത നിര്‍മാണം പൊളിച്ചുനീക്കുന്നുവെന്ന വ്യാജേന മുസ് ലിം വീടുകളും വ്യാപാരസ്ഥാപനങ്ങളും ബുള്‍ഡോസര്‍വച്ച് ഇടിച്ചുതര്‍ക്കുന്ന കോര്‍പറേഷന്റെ നടപടിക്കെതിരേ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജംഇയ്യത്ത് ഉലമയെ ഹിന്ദിന്റെ ഇടപെടലിനെത്തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പ്രദേശത്തെ മുസ് ലിംപള്ളിക്കടുത്തുള്ള നിര്‍മിതിവരെ കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കുന്നതിനിടയിലാണ് കോടതി നിര്‍ദേശം പുറത്തുവന്നത്.
അനധികൃത നിര്‍മാണത്തിന്റെ പേരില്‍ നോട്ടിസ് പോലും നല്‍കാതെ നിര്‍മിതികള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സുപ്രിംകോടതി കേസ് അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായത്. ജംഇയ്യത്ത് ഉലമയെ ഹിന്ദിനുവേണ്ടി ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷന്‍, കബില്‍ സിബല്‍ എന്നിവരാണ് ഹാജരായത്.
അതേസമയം വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്നത് സുപ്രിംകോടതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടെങ്കിലും അധികൃതര്‍ സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാട്ടി പൊളിക്കല്‍ തുടര്‍ന്നു. തങ്ങള്‍ക്ക് ഉത്തരവിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നാണ് കാരണമായി കോര്‍പറേഷന്‍ മേയര്‍ രാജ് ഇഖ്ബാല്‍ സിങ് പറഞ്ഞത്.
ഒരു പള്ളിയുടെ കവാടം വരെ പൊളിച്ചുനീക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് കേസില്‍ വീണ്ടും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദുഷ്യന്ത് ദാവെ സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്. ഇതോടെ വിധിപ്പകര്‍പ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
ഇതേ സമയത്തുതന്നെ വിധിപ്പകര്‍പ്പുമായി സിപിഎം നേതാവ് വൃന്ദ കാരാട്ടും സ്ഥലത്തെത്തി.