പാലക്കാട് നഗരസഭയിലെ ജയ് ശ്രീ രാം ബാനര്‍; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണം: എസ്ഡിപിഐ

പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടക്കകത്ത് ആസൂത്രിതമായി ക്ഷേത്രം പണിത് ഹനുമാന്‍ കോട്ടയായി പ്രചരിപ്പിക്കുന്നതും കല്‍പ്പാത്തി പുഴയുടെ നടുവില്‍ പൊതു സ്ഥലം കയ്യേറി ക്ഷേത്രമെന്ന വ്യാജേന ആര്‍എസ്എസ് കാര്യാലയം പണിതതും ചില ഉദാഹരണങ്ങള്‍ മാത്രമാണ്

Update: 2020-12-18 15:35 GMT

പാലക്കാട്: തെരെഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ ഭാഗമായി ആര്‍എസ്എസ് , ബിജെപി പ്രവര്‍ത്തകര്‍ ഭരണഘടനാ സ്ഥാപനമായ നഗരസഭ ഓഫീസിനു മുകളില്‍ ജയ് ശ്രീ രാം എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ പോലീസ് അധികാരികള്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി ആവിശ്യപ്പെട്ടു. നിലവില്‍ കേസെടുത്തു എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വിവരമില്ല. പോലീസ് ഇതിനെ ലാഘവത്തോടെ കാണാനാണ് ശ്രമിക്കുന്നത്. നേരെത്തെയും ആര്‍എസ്എസിനെ സംരക്ഷിക്കുന്ന നിലപാട് പാലക്കാട് പോലീസ് സ്വീകരിച്ചിട്ടുണ്ട്. നിയമ നടപടിയുണ്ടാകാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതിന് പകരം ഭരണപക്ഷ പാര്‍ട്ടി തങ്ങളുടെ യുവജന സംഘടനയെ വെച്ച് കേവല പ്രതിഷേധം സംഘടിപ്പിക്കുന്നത് വിരോധാഭാസമാണ്.


ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. പാലക്കാട് നഗരത്തെ മറ്റൊരു ഗുജറാത്താക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്ഥാവന നിസാരമായി കാണാനാവില്ല. പാലക്കാട് നഗരസഭാ ഭരണ തുടര്‍ച്ചക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കരിക്കാന്‍ ചുക്കാന്‍ പിടിച്ചത് ആര്‍എസ എസ് നേതാക്കളായിരുന്നു. പാലക്കാട് നഗരത്തെ കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചന തുടങ്ങിയിട്ട് കാലം ഏറെയായി.


പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടക്കകത്ത് ആസൂത്രിതമായി ക്ഷേത്രം പണിത് ഹനുമാന്‍ കോട്ടയായി പ്രചരിപ്പിക്കുന്നതും കല്‍പ്പാത്തി പുഴയുടെ നടുവില്‍ പൊതു സ്ഥലം കയ്യേറി ക്ഷേത്രമെന്ന വ്യാജേന ആര്‍എസ്എസ് കാര്യാലയം പണിതതും ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരം സംഘപരിവാര്‍ നീക്കത്തിനെതിരെ ഇന്ന് വരെ പോലീസോ ബന്ധപ്പെട്ട അധികാരികളോ നടപടികള്‍ കൈകൊണ്ടിട്ടില്ല. ഇത് സംഘപരിവാര്‍ നേതാക്കള്‍ക്ക് ഉത്തരത്തിലുള്ള രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാന്‍ സഹായകമായിട്ടുണ്ട്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപമാനിക്കുന്ന നിലപാടിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പോലീസ് അധികാരികള്‍ തയ്യറാവേണ്ടതുണ്ട്.


ആര്‍എസ്എസ് നടത്തുന്ന ഇത്തരം ചെയ്തികളോട് പോലീസ് സ്വീകരിക്കുന്ന നിസ്സംഗത ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. പാലക്കാട് കേന്ദ്രീകരിച്ച് സംഘപരിവാര്‍ നടത്തുന്ന ഹീന നീക്കങ്ങള്‍ തുറന്ന് കാണിച്ച് എസ്ഡിപിഐ കാംപയിനുകള്‍ നടത്തുമെന്നും എസ് പി അമീര്‍ അലി അറിയിച്ചു.




Tags:    

Similar News