'ജേന്‍ ഉറക് ' ; നിലമ്പൂര്‍ കാട്ടിലെ തേന്‍ ഇനി ബ്രാന്‍ഡ് ആയി വിപണിയിലേക്ക്
കാട്ടുനായ്ക്ക ഭാഷയില്‍ ജേന്‍ എന്നാല്‍ തേന്‍. ഉറക് എന്നാല്‍ അറനാടന്‍ ഭാഷയില്‍ ഉറവ. ജേന്‍ ഉറക് എന്നാല്‍ തേന്‍ ഉറവ
നിലമ്പൂര്‍: കാട്ടിലെ തേന്‍ ഇനി ബ്രാന്‍ഡ് നെയിമോടെ വിപണിയിലേക്കെത്തും. മെയ് 20 തേനീച്ച ദിനത്തിലാണ് ജേന്‍ ഉറക് എന്ന പേരില്‍ കാട്ടുതേന്‍ വിപണിയിലെത്തുന്നത്. ഹണി കോള എന്ന പേരില്‍ ശീതളപാനീയവും മെയ് അവസാനത്തോടെ പുറത്തിറങ്ങും. സംസ്ഥാനത്ത് ആദ്യമായാണ് കാട്ടുതേന്‍ ബ്രാന്‍ഡ് നെയിമിലെത്തുന്നത്.
കാട്ടുനായ്ക്ക ഭാഷയില്‍ ജേന്‍ എന്നാല്‍ തേന്‍. ഉറക് എന്നാല്‍ അറനാടന്‍ ഭാഷയില്‍ ഉറവ. ജേന്‍ ഉറക് എന്നാല്‍ തേന്‍ ഉറവ. ഇവയുടെ വിപണനത്തിനായി നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനു സമീപം പുതിയ സ്ഥാപനവും തുറക്കും. നിലമ്പൂര്‍ ചാലിയാര്‍, പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്ക, മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട പതിനാലോളം ആദിവാസി കോളനികളിലെ കുടുംബങ്ങളുടെ ഊരുകൂട്ടങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷന്‍ എന്ന സംരംഭ ഗ്രൂപ്പിന്റെ കീഴിലാണ് പരീക്ഷണം. കാട്ടുനായ്ക്ക ഭാഷയില്‍ തൊടുവെ എന്നാല്‍ മണ്‍പുറ്റുകളില്‍നിന്ന് എടുക്കുന്ന കാട്ടുതേന്‍ എന്നാണര്‍ഥം.