ജെഇഇ: ബംഗാളില്‍ 75 ശതമാനം പേര്‍ക്കും പരീക്ഷയെഴുതാനാവില്ലെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ നിന്ന് ജെഇഇ മെയിന്‍ പരീക്ഷയ്ക്കിരിക്കുന്ന 75 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ സെന്ററില്‍ എത്താനാവില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ഇന്നലെ നടന്ന പരീക്ഷയില്‍ 4652 പേരാണ് വരേണ്ടിയിരുന്നത്, എന്നാല്‍ 1167 പേര്‍ മാത്രമേ ഹാജരായുള്ളു. ബംഗാളില്‍ തന്നെ 75 ശതമാനം പേര്‍ക്ക് എത്തിച്ചേരാനായില്ല. അവര്‍ക്ക് ഇതുവഴി പരീക്ഷയ്ക്കിരിക്കാനുളള അവസരം നഷ്ടമാകും. അതുവഴി കേന്ദ്ര സര്‍ക്കാര്‍ ഈ കുട്ടികളുടെ ഭാവിയും അവരുടെ അവകാശവും ഹനിക്കുകയാണ്- മമത പറഞ്ഞു.
പരീക്ഷ നടത്തിന്റെ തിയ്യതിയില്‍ മാറ്റം വരുത്തണമെന്ന് തങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പുതിയ ഗൈഡ് ലൈന്‍ അനുസരിച്ച് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിനാണ് നാട്ടിലെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ മനസ്സിലാവുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം ഇപ്പോള്‍ കേന്ദ്ര ഭരണകൂടത്തിനാണ്. അവരുടെ നിര്‍ദേശം പാലിക്കുകയെന്നതു മാത്രമാണ് ഇപ്പോള്‍ സംസ്ഥാനം ചെയ്യുന്നത്. മുഖ്യമന്ത്രി കുറ്റപ്പെടുത്തി.