ജെഇഇ, നീറ്റ്: കേന്ദ്രം സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് മമതാ ബാനര്‍ജി

Update: 2020-08-25 17:32 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള കത്തിലാണ് മമതാ ബാനര്‍ജി ഇക്കാര്യം ആവശ്യപ്പെട്ടത്.

''രാജ്യത്തെ കൊവിഡ് വ്യാപനം കുറയുകയോ ആരോഗ്യാവസ്ഥ മെച്ചപ്പെടുകയോ ചെയ്യും വരെ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണം. വൈകാരികമായ ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുക തന്നെ വേണം''-പ്രധാനമന്ത്രിക്കുള്ള കത്തില്‍ മമതാ ബാനര്‍ജി എഴുതി.

''സെപ്റ്റംബറിലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ പരീക്ഷ നടത്തുന്നത് പരീക്ഷയ്ക്കിരിക്കുന്ന കുട്ടികളെ ബാധിക്കും'' - അവര്‍ പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ സൂചിപ്പിച്ചു.

നീറ്റും ജെഇഇ മാത്രമല്ല, എല്ലാ വാര്‍ഷിക പരീക്ഷകളും നീട്ടിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി മമതാ ബാനര്‍ജി പറഞ്ഞു.

ജെഇഇ, നീറ്റ് പരീക്ഷകള്‍ നേരത്ത തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ നടക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചിരുന്നു. ജെഇഇ(മെയിന്‍) സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയുള്ള ദിവസങ്ങളിലും നീറ്റ് സെപ്റ്റംബര്‍ 13ാം തിയ്യതിയും നടക്കും. ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് ടെസ്റ്റിങ് ഏജന്‍സി തിയ്യതികള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. 

Tags:    

Similar News