വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി

Update: 2022-10-07 10:50 GMT

റാഞ്ചി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ പെട്രോള്‍ ഒഴിച്ച് യുവാവ് തീക്കൊളുത്തി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് രാജേഷ് റാവത്ത് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ജാര്‍മുണ്ടി സ്വദേശിനിയായ 22കാരിയാണ് ക്രൂരതയ്ക്കിരയായത്. യുവതിയെ ആദ്യം ഇവിടത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.

ഇരയുടെ ചികില്‍സയ്ക്കായി ജില്ലാ ഭരണകൂടം ഒരുലക്ഷം രൂപയുടെ ചെക്ക് കുടുംബാംഗങ്ങള്‍ക്ക് കൈമാറി. പ്രതി വിവാഹിതനാണെന്ന് പോലിസ് പറഞ്ഞു. പ്രതിയെ യുവതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ കത്തിച്ച് കൊല്ലുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അതിരാവിലെ യുവതി ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടിലെത്തിയ പ്രതി ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ദേഹമാസകാലം പൊള്ളലേറ്റ യുവതി റാഞ്ചി രാജേന്ദ്ര മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

യുവതിയുടെ മുത്തശ്ശിക്കും ആക്രമണത്തില്‍ പരിക്കേറ്റു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റാവത്ത് പലതവണ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും യുവതിയും വീട്ടുകാരും വഴങ്ങിയിരുന്നില്ല. അതിനിടെ റാവത്ത് വിവാഹിതനായെങ്കിലും യുവതിയെയും ഭാര്യയായി സ്വീകരിക്കാമെന്ന് ഇവരുടെ വീട്ടിലെത്തി അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ദുംക ജില്ലയില്‍ 14 വയസ്സുകാരിയായ ആദിവാസി ബാലികയെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയനിലയില്‍ കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും യുവതിക്ക് മികച്ച ചികില്‍സ ലഭ്യമാക്കുമെന്നും ജര്‍മുണ്ടി സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ (എസ്ഡിപിഒ) ശിവേന്ദര്‍ താക്കൂര്‍ പിടിഐയോട് പറഞ്ഞു. ദുംകയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരേയുണ്ടായ രണ്ട് ആക്രമണസംഭവങ്ങള്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുകയാണ്.

Tags:    

Similar News