ശിക്ഷയായി സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞ് പ്രിന്‍സിപ്പല്‍, അന്വേഷണം
ബ്ലേസറിന് താഴെ ഷര്‍ട്ടില്ലാതെയാണ് എണ്‍പതോളം വരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടിലേക്ക് മടങ്ങിയത്
ജാര്‍ഖണ്ഡ്: ശിക്ഷയായി എണ്‍പതോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞ ജാര്‍ഖണ്ഡ് പ്രിന്‍സിപ്പലിന്റെ ഉത്തരവിനെതിരേ അന്വേഷണം. ധന്‍ബാദ് ജില്ലാ ഭരണകൂടമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ദിഗ്വാദിഹിലെ സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസം 'പെന്‍ ഡേ' ആഘോഷിച്ചിരുന്നു. ഹൈസ്‌കൂളിലെ അവസാന ദിനം അടയാളപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ പരസ്പരം ഷര്‍ട്ടുകളില്‍ സന്ദേശങ്ങള്‍ എഴുതി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളെ ശകാരിക്കുകയും ഷര്‍ട്ട് ഊരി മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബ്ലേസറിന് താഴെ ഷര്‍ട്ടില്ലാതെയാണ് എണ്‍പതോളം വരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടിലേക്ക് മടങ്ങിയത്. മാപ്പ് പറഞ്ഞിട്ടും വിദ്യാര്‍ഥിനികള്‍ക്ക് ശിക്ഷ നല്‍കിയെന്നാണ് ആരോപണം.
ഇത് സംബന്ധിച്ച് സ്‌കൂളിലെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എല്ലാ വിദ്യാര്‍ഥികളെയും ഷര്‍ട്ടില്ലാതെ ബ്ലേസര്‍ ധരിച്ച് വീട്ടിലേക്ക് തിരിച്ചയച്ചതായി രക്ഷിതാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിരവധി രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെതിരെ പരാതി നല്‍കിയതായി ധന്‍ബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്വി മിശ്ര പറഞ്ഞു. ഇരകളായ ചില പെണ്‍കുട്ടികളുമായും ഞങ്ങള്‍ സംസാരിച്ചുവെന്നും വിഷയം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്നും അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മാധ്വി മിശ്ര പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍, സബ് ഡിവിഷണല്‍ പോലിസ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതിക്ക് ജില്ലാ ഭരണകൂടം രൂപം നല്‍കിയിട്ടുണ്ട്. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിനും പ്രിന്‍സിപ്പലിനും എതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു
സംഭവം ലജ്ജാകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് മാതാപിതാക്കളോടൊപ്പം ഡിസിയുടെ ഓഫീസിലെത്തിയ ജാരിയ എംഎല്‍എ രാഗിണി സിങ് പറഞ്ഞു. സംഭവത്തിന് ശേഷം വിദ്യാര്‍ഥിനികള്‍ക്ക് മാനസികപ്രയാസങ്ങളുണ്ടായതായും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അതേസമയം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുറ്റം നിഷേധിച്ചു, വിദ്യാര്‍ഥികള്‍ക്ക് താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും ശരിയായ യൂണിഫോമില്‍ മാത്രം പോകണമെന്നും ഇവിടെ ചുറ്റിക്കറങ്ങരുതെന്നുമാണ് താന്‍ ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.