ജെഎന്‍യു സംഘര്‍ഷം; വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കില്ലെന്ന് ഗൂഗിളും വാട്ട്സ് ആപ്പും

ഹിന്ദുത്വരാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു

Update: 2021-06-16 04:27 GMT

ന്യൂഡല്‍ഹി: ജെഎന്‍യു സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കണമെന്ന പോലിസിന്റെ ആവശ്യം ഗൂഗിളും വാട്ട്സ് ആപ്പും നിരസിച്ചു. വിദ്യാര്‍ഥികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ ഇടപെടലുകളും ആശയവിനിമയങ്ങളും നല്‍കണമെന്ന ഡല്‍ഹി ക്രൈംബ്രാഞ്ചിന്റെ ആവശ്യമാണ് തള്ളിയത്. വിവരങ്ങള്‍ നല്‍കണമെങ്കില്‍ കോടതി ഉത്തരവ് വേണമെന്ന് ഗുഗിളും വാട്ട്സ്ആപ്പും അറിയിച്ചു.


2020 ജനുവരി 5 ന് ജെ.എന്‍.യുവില്‍ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് യൂണിറ്റി എഗൈന്‍സ്റ്റ് ലഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസ് എന്നീ വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളായ 33 വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവര്‍ കൈമാറിയ സന്ദേശങ്ങള്‍, വീഡിയോകള്‍,ഓഡിയോ എന്നിവ നല്‍കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുഖംമൂടി ധരിച്ചെത്തിയ 100 ഓളം പേര്‍ ജെഎന്‍യു കാംപസില്‍ കയറി ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ 36 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരുക്കേറ്റിരുന്നു. ഹിന്ദുത്വരാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു.




Tags:    

Similar News