20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് 2026നുള്ളില്‍ തൊഴില്‍; നോളജ് ഇക്കോണമി മിഷന്‍ സര്‍വ്വേ മെയ് എട്ട് മുതല്‍
തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാംപയിന്റെ ഭാഗമാണ് സര്‍വ്വേ
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതി സര്‍വ്വേ മെയ് എട്ട് മുതല്‍ 15 വരെ നടത്തും. സംസ്ഥാനത്ത് 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് 2026നുള്ളില്‍ തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വേ. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാംപയിന്റെ ഭാഗമാണ് സര്‍വ്വേ. വാര്‍ഡ് തല സര്‍വ്വേയ്ക്ക് മാര്‍ഗ രേഖ പുറത്തിറങ്ങി.
വീടുകളിലെത്തി 18 മുതല്‍ 59 വരെ പ്രായമുള്ള തൊഴില്‍ അന്വേഷകരുടെ വിവരം ശേഖരിച്ച് മിഷന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ചേര്‍ക്കും.
തൊഴിലന്വേഷകരേയും തൊഴില്‍ദാതാക്കളേയും ബന്ധിപ്പിക്കുന്നതിനാണ് ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് സിസ്റ്റം.
സര്‍വ്വേ നടത്തുന്നതിനായി സിഡിഎസില്‍ നിന്നും ഒരാള്‍ വീതം സംസ്ഥാനത്താകെ 1070 കമ്മ്യൂണിറ്റി അംബാസഡര്‍മാരെ നിയമിക്കും. അംബാസഡര്‍മാരെ കുടുംബശ്രീ എം പാനല്‍ ചെയ്യണം. നിലവിലെ വളന്റിയര്‍മാരെ അംബാസഡര്‍മാരാക്കാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ സാങ്കേതിക സഹായവും മൊബൈല്‍ ആപ് ഉപയോഗിക്കാനും പരിശീലിപ്പിക്കണം. സര്‍വേയ്ക്കായി പഞ്ചായത്ത്, വാര്‍ഡ്, ഡിവിഷന്‍ തല സംഘാടക സമിതി 30നകം രൂപീകരിക്കും. എട്ടിന് രാവിലെ വാര്‍ഡ്/ ഡിവിഷന്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേ ആരംഭിക്കും. വാര്‍ഡ്തല ഉദ്ഘാടനത്തില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിശിഷ്ടവ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കും.