കശ്മീര്‍,സിഎഎ വിഷയങ്ങളില്‍ ജോ ബൈഡന്റേത് ബിജെപിക്ക് എതിരായ നിലപാട്
കശ്മീരിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ പുന:സ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന്‍ കശ്മീരിലെ സമാധാനപരമായുള്ള പ്രതിഷേധങ്ങളെ തടയുന്നതും ഇന്റര്‍നെറ്റ് വിഛേദിക്കുന്നതും ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനിയും മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ വിജയത്തിലേക്കെത്തുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ ചര്‍ച്ചയാകുന്നു. രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന കശ്മീര്‍,സിഎഎ വിഷയങ്ങളില്‍ ബിജെപിക്ക് എതിരായ നിലപാടാണ് ബൈഡന്‍ സ്വകരിച്ചിട്ടുള്ളത്. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തെക്കുറിച്ചും അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചും നിരാശ പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് വരാനിരിക്കുന്ന യുഎസ് പ്രസിഡന്റായ ബൈഡന്‍.
ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വെബ്സൈറ്റില്‍ ഇന്ത്യയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന്റെ ദീര്‍ഘകാല പാരമ്പര്യ മതേതരത്വത്തിനും ബഹു-മത ജനാധിപത്യ ആശയങ്ങള്‍ക്കും എതിരാണ് എന്നാണ് പറഞ്ഞത്. പശ്ചിമ ചൈനയില്‍ ഒരു ദശലക്ഷത്തിലധികം വൈഗൂര്‍ മുസ്ലിംകളെ നിര്‍ബന്ധിതമായി തടങ്കലില്‍ വച്ചതിനെ കുറിച്ചും മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.
കശ്മീരിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ പുന:സ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ബൈഡന്‍ കശ്മീരിലെ സമാധാനപരമായുള്ള പ്രതിഷേധങ്ങളെ തടയുന്നതും ഇന്റര്‍നെറ്റ് വിഛേദിക്കുന്നതും ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സിഎഎ, എന്‍ആര്‍സി, കശ്മീര്‍ വിഷയങ്ങളിലെല്ലാം തന്നെ ബിജെപിക്ക് എതിരായ നിലപാടുകളാണ് ജോ ബൈഡന്‍ തുടര്‍ന്നിട്ടുള്ളത്. നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് ഈ വിഷയങ്ങളിലെല്ലാം ജോ ബൈഡന്‍ പുലര്‍ത്തുന്നത്.